

മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ദായ്റ'യുടെ പുതിയ പോസ്റ്റർ പുറത്തുവന്നു. തീക്ഷ്ണമായ ഭാവങ്ങളോടെ നില്‍ക്കുന്ന കഥാപാത്രങ്ങളുടെ പുതിയ ചിത്രങ്ങള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നത്. ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് കരീന കപുറും പൃഥ്വിരാജും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ഡിസിപി അജൂണി കോഹ്ലി എന്ന കഥാപാത്രത്തെയാണ് കരീന അവതരിപ്പിക്കുന്നത്. ഡിസിപി രാമന്‍ കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. നിയമത്തെയും നീതിയെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ സമീപിക്കുന്ന രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
നിയമം പൂര്‍ണമായും പാലിക്കുകയും സ്വന്തം നിയമങ്ങള്‍ ഒരിക്കലും ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് രാമന്‍ കുമാര്‍. അതേസമയം നിയമത്തെക്കുറിച്ച് വ്യക്തമായി അറിയുകയും അതിനോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അജൂണി കോഹ്ലി.
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ 'ദായ്റ' കുറ്റകൃത്യവും അതിന്റെ അന്വേഷണവും മാത്രമല്ല സംസാരിക്കുന്നത്. നിയമം നടപ്പിലാക്കുന്നവര്‍ക്കിടയിലെ വ്യത്യസ്തമായ നീതിസങ്കല്‍പ്പങ്ങളും, അവരുടെ തീരുമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഉടലെടുക്കുന്ന ധാര്‍മികമായ ചോദ്യങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. സെപ്റ്റംബര്‍ 18-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.