

സിനിമാലോകത്തെ പഴയ ഗോസിപ്പുകള്‍ക്ക് എപ്പോഴും എരിവും പുളിയും കൂടുതലായിരിക്കും. ചിലത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചാരത്തിനടിയിലെ കനല്‍ പോലെ കിടക്കും, എപ്പോഴെങ്കിലും ആരെങ്കിലും ഒന്ന് ഊതിയാല്‍ അത് വീണ്ടും ആളിപ്പടരും. അത്തരത്തിലൊരു ചുംബന വിവാദമാണ് ഇപ്പോള്‍ ബോളിവുഡില്‍ വീണ്ടും സജീവമാകുന്നത്. 2014-ല്‍ പുറത്തിറങ്ങിയ 'റിവോള്‍വര്‍ റാണി' എന്ന ചിത്രത്തിലെ ഒരു രംഗത്തെച്ചൊല്ലി, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന വിവാദവും അതിനു പിന്നിലെ സത്യാവസ്ഥയും ഒരു സിനിമാക്കഥയെക്കാള്‍ നാടകീയമാണ്.
കങ്കണ റണാവത്തും സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടനുമായ വീര്‍ ദാസും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'റിവോള്‍വര്‍ റാണി'. ചിത്രത്തിലെ ഒരു തീവ്രമായ പ്രണയരംഗത്തിനിടയില്‍ കങ്കണ വീര്‍ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നും, നടൻ വലിയ രീതിയില്‍ അപമാനിതനും ചകിതനുമായി എന്നുമായിരുന്നു ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സമൂഹമാധ്യമങ്ങള്‍ ഈ പഴയ കഥ വീണ്ടും കുത്തിപ്പൊക്കിയത്. 'റിവോള്‍വര്‍ റാണിയുടെ ചോരക്കൊതി' എന്ന രീതിയില്‍ ട്രോളുകളും ചര്‍ച്ചകളും കൊഴുത്തതോടെ ഒടുവില്‍ ചിത്രത്തിലെ നായകനും നായികയും തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നു.
വ്യാജ വാര്‍ത്തകളോട് പതിവ് ശൈലിയില്‍ കടുത്ത ഭാഷയിലാണ് കങ്കണ റണാവത്ത് പ്രതികരിച്ചത്. വീര്‍ ദാസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ കങ്കണ കടുത്ത ഭാഷയില്‍ പരിഹസിച്ചു. 'ആരാണ് ഈ വിചിത്ര ജീവി? അവരുടെ സെക്‌സ് ഫാന്റസികള്‍ക്ക് വേണ്ടി നമ്മുടെ പേരുകള്‍ ഉപയോഗിക്കുകയാണെന്ന് തോന്നുന്നു. ഞാന്‍ നിന്റെ രക്തം കുടിച്ചു എന്നും, നീ ഇപ്പോഴും ആ ട്രോമയില്‍ നിന്ന് വിമുക്തനല്ലെന്നും എന്നൊക്കെ പറയുന്നത് എത്ര വിചിത്രമാണ്...'
മുമ്പ് 2023-ലും ഈ വിവാദം ഉയര്‍ന്നപ്പോള്‍ 'ഹൃത്വിക് റോഷന് ശേഷം ഞാന്‍ പാവം വീര്‍ ദാസിന്റെ മാന്യതയും കളഞ്ഞോ?' എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പരിഹസിച്ചിരുന്നു.
വിവാദത്തില്‍ ഏറ്റവും ശ്രദ്ധേയമായത് വീര്‍ ദാസിന്റെ നിലപാടാണ്. നിലവില്‍ കങ്കണ റണാവത്ത് ബിജെപിയുടെ എംപിയാണ്. 2021-ല്‍ വീര്‍ ദാസ് അവതരിപ്പിച്ച കോമഡി ഷോയ്‌ക്കെതിരെ കങ്കണ ശക്തമായി രംഗത്തുവരികയും വീര്‍ ദാസിന്റെ കോമഡിയെ 'സോഫ്റ്റ് ടെററിസം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയമായി ഇരുവരും ഇരുധ്രുവങ്ങളിലാണ്. എന്നാല്‍ തന്റെ രാഷ്ട്രീയ ശത്രുവിനെതിരെ വന്ന വ്യാജ വാര്‍ത്തയെ തള്ളിക്കളയാന്‍ വീര്‍ ദാസ് കാണിച്ച മര്യാദ സിനിമാലോകത്തിന്റെ കൈയടി നേടുകയാണ്.
'ആ കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റില്‍ പൂര്‍ണമായും പ്രൊഫഷണല്‍ ആയിരുന്നു. അവര്‍ കഴിവും സര്‍ഗാത്മകതയുമുള്ള ഒരു മികച്ച കലാകാരിയാണ്. രാഷ്ട്രീയമായി അവര്‍ എന്നെ തീവ്രവാദി എന്ന് വിളിച്ചിട്ടുണ്ടാകാം, എന്നാല്‍ സിനിമയുടെ സെറ്റില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല'-വീര്‍ ദാസ് വ്യക്തമാക്കി.
ആശയപരമായ വലിയ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും, ഒരു സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഉയര്‍ന്ന അന്യായമായ അപവാദ പ്രചാരണത്തെ തള്ളിക്കളഞ്ഞ വീര്‍ ദാസിന്റെ നിലപാട് ബോളിവുഡിന് പുതിയൊരു മാതൃകയാണ് നല്‍കുന്നത്.