

ബോളിവുഡ് അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടതിനെത്തുടർന്ന് 26 വർഷം മുമ്പ് മുംബൈ വിട്ട് ചെന്നൈയിലേക്കു കുടിയേറാനുണ്ടായ സാഹചര്യം പങ്കുവച്ച് പ്രിയനടി ജ്യോതിക. പുതിയ ചിത്രമായ 'സിസ്റ്റ'ത്തിന്റെ പ്രൊമോഷനിടെയാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിലൊരാളായി തന്നെ മാറ്റിയ ആ നിർണായക തീരുമാനത്തെക്കുറിച്ചു താരം തുറന്നുപറഞ്ഞത്.
1998-ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഡോലി സജാ കെ രഖ്ന' എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ സിനിമാപ്രവേശം. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകൻ. 'വളരെ മനോഹരമായ ചിത്രമായിരുന്നു അത്. എന്നാൽ ബോക്സ് ഓഫീസിൽ സിനിമ പരാജയപ്പെട്ടു. ആ സംഭവമാണ് എന്നെ തമിഴ് ചലച്ചിത്രലോകത്തേക്കെത്തിച്ചത്. എന്നാൽ ആ മാറ്റം എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു'-ജ്യോതിക പറഞ്ഞു.
ചെന്നൈയോടുള്ള തന്റെ സ്നേഹവും തമിഴ് സിനിമാലോകത്തോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചു. 'ചെന്നൈ പരമ്പരാഗത മൂല്യങ്ങളുള്ള നഗരമാണ്. എനിക്കു ജീവിക്കാനുള്ള വക തന്നതും ഒരു നല്ല കുടുംബത്തെ തന്നതും ആ മണ്ണാണ്. ഞാൻ ആഗ്രഹിച്ച എല്ലാത്തരം വേഷങ്ങളും തമിഴ് സിനിമ എനിക്ക് നൽകി. അതൊരു ദൈവാനുഗ്രഹമാണ്'-ജ്യോതിക കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കുശേഷം ഹിന്ദി സിനിമയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ജ്യോതിക ഇപ്പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കാതിരുന്നതാണ് തന്നെ ബോളിവുഡിൽ നിന്ന് അകറ്റി നിർത്തിയതെന്നും എന്നാൽ ഇന്ന് ബോളിവുഡിൽനിന്നു മികച്ചതും ആഴമുള്ളതുമായ വേഷങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും ജ്യോതിക പറയുന്നു. തെന്നിന്ത്യൻ സിനിമകളിൽ കൈവരിച്ച നേട്ടങ്ങളാണ് ഹിന്ദിയിൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന ഊഷ്മളമായ വരവേൽപ്പിന്റെ കാരണമെന്നും താരം വിശ്വസിക്കുന്നു.
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന 'സിസ്റ്റം' എന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹയ്ക്കൊപ്പമാണ് ജ്യോതിക പ്രധാന വേഷത്തിലെത്തുന്നത്. വാണിജ്യ സിനിമകളിൽനിന്നു മാറി ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ച് സൊനാക്ഷിയും ചടങ്ങിൽ സംസാരിച്ചു. മേയ് 22-ന് പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.