

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ആലിയ ഭട്ട് ഇന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മകള്‍ റാഹയുടെ ജനനശേഷം തന്റെ മുന്‍ഗണനകളില്‍ വലിയ മാറ്റം വന്നുവെന്ന് താരം തുറന്നുപറയുന്നു. അഭിനയ ജീവിതവും മാതൃത്വവും ഒരേപോലെ കൊണ്ടുപോകുന്നതിനിടയില്‍, ഇടയ്‌ക്കെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആലിയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
ഒരു സിനിമാമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആലിയ തന്റെ മനസുതുറന്നത്. ചില ദിവസങ്ങളില്‍ ഉണരുമ്പോള്‍ തോന്നും, എല്ലാം മതിയാക്കി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്താലോ എന്ന്. വെറുമൊരു നടിയായി മാത്രം തുടരാനും അനാവശ്യമായ ചര്‍ച്ചകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. തനിക്ക് ഈ സംഭാഷണങ്ങളുമായി ഇനിയും മുന്നോട്ട് പോകാന്‍ വയ്യ. വ്യക്തിജീവിതം വളരെയധികം സ്വകാര്യമായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ആലിയ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും തന്നെ ഇന്നത്തെ നിലയിലെത്തിച്ച ആരാധകരെ താരം വിസ്മരിക്കുന്നില്ല. വര്‍ഷങ്ങളായി തനിക്കു ലഭിക്കുന്ന സ്‌നേഹവും പിന്തുണയും കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തനിക്ക് മടിയുണ്ടെന്നും ആലിയ സമ്മതിക്കുന്നു. എങ്കിലും, പങ്കുവയ്ക്കുന്ന കാര്യങ്ങളില്‍ താനിപ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്ന് താരം വ്യക്തമാക്കി.
മാതൃത്വം ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും ആലിയ വാചാലയായി. നേരത്തെ, സ്വന്തം ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്ന ഫോണ്‍ ഗാലറിയില്‍ ഇന്ന് റാഹയുടെ ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. അമ്മയാകുന്നതിന് മുന്‍പുള്ള തന്റെ വ്യക്തിത്വം എന്തായിരുന്നു എന്ന് പോലും ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ പ്രയാസമാണെന്ന് ആലിയ പറയുന്നു. ആ ഒന്‍പത് മാസങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റം അത്രമേല്‍ വലുതാണ്. 2022-ൽ ആണ് ആലിയ ബോളിവുഡ് താരം രൺബീർ കപുറിനെ വിവാഹം കഴിച്ചത്.
ശര്‍വാരി ബാഗിനൊപ്പമുള്ള സ്പൈ ആക്ഷന്‍ ത്രില്ലര്‍ ആല്‍ഫ ആണ് ആലിയയുടെ പുതിയ ചിത്രം. ബോബി ഡിയോള്‍, അനില്‍ കപുര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡോണ്ട് ബീ ഷൈ ആണ് മറ്റൊരു ചിത്രം. സഹോദരി ഷഹീന്‍ ഭട്ടിനൊപ്പം നിര്‍മാണരംഗത്തേക്കു കടക്കുന്ന ചിത്രം. ഇതൊരു റൊമാന്റിക് കോമഡിയാണ്.