

രാം ചരൺ നായകനായെത്തിയ 'പെദ്ധി'യിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് നടി ജാൻവി കപുർ. കരൺ ജോഹർ 'കോഫി വിത്ത് കരൺ' ടോക്ക് ഷോയിൽ പങ്കെടുത്തപ്പോഴാണ് കഥാപാത്രത്തെ അവതരിപ്പിച്ച രീതി പ്രശ്നകരമായിരുന്നുവെന്ന് ജാൻവി സമ്മതിച്ചത്. ഇക്കാര്യത്തിൽ തനിക്ക് മറ്റൊരു രീതിയിൽ ഇടപെടാമായിരുന്നുവെന്നും താരം പറഞ്ഞു.
'അത് പ്രശ്നകരമായിരുന്നോ? അതിരുകടന്ന രീതിയിലുള്ള ഒബ്ജക്ടിഫിക്കേഷനായിരുന്നോ? കഥാപരമായി ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നോ? കരണിന്റെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു ജാൻവിയുടെ പ്രതികരണം. ചിത്രത്തിലെ ചില രംഗങ്ങളിൽ ജാൻവിയുടെ കഥാപാത്രത്തെ ലൈംഗികത കലർത്തി രീതിയിൽ അവതരിപ്പിച്ചുവെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. കഥാപാത്രത്തിന് അർഹമായ പരിഗണന നൽകാതെ ചില രംഗങ്ങളിൽ ജാൻവിയെ പ്രദർശനവസ്തുപോലെ ആക്കിയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം.
വിമർശനങ്ങളോട് പ്രതികരിക്കാമായിരുന്നെങ്കിലും താൻ മൗനം പാലിക്കുകയായിരുന്നുവെന്ന് ജാൻവി പറഞ്ഞു. ആ രംഗങ്ങളെല്ലാം തിരക്കഥയിൽ പരാമർശിച്ചിരുന്നെങ്കിലും അവ എങ്ങനെയാണ് ചിത്രീകരിക്കുകയെന്നും ക്യാമറ ആംഗിളുകളെക്കുറിച്ചും തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
വിമർശനങ്ങൾ ഉയർന്നുതുടങ്ങിയപ്പോൾ താൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് തോന്നിയതായും ജാൻവി പറഞ്ഞു. കഥാപാത്രത്തെ അവതരിപ്പിച്ച രീതിയെ ചോദ്യം ചെയ്യാൻ തനിക്കുണ്ടായിരുന്ന സ്വാധീനവും അവസരവും ഉപയോഗിക്കേണ്ടതായിരുന്നുവെന്നും താരം സമ്മതിച്ചു.
ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനേതാക്കൾക്ക് പൂർണമായ തിരക്കഥയോ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്യാമറ ആംഗിളുകളോ മുൻകൂട്ടി കാണാൻ സാധിക്കുന്നത് അപൂർവമാണെന്നും ജാൻവി വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭിച്ചുതുടങ്ങിയപ്പോൾ രംഗങ്ങൾ കൂടുതൽ പ്രശ്നരഹിതമാക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
'ഒരു തരത്തിൽ അത് അതിക്രമം പോലെയുള്ള അനുഭവമായിരുന്നു' എന്നാണ് ജാൻവി ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. ഭാവിയിൽ നായികമാരെ സമാനമായ രീതിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംവിധായകർ രണ്ടുതവണ ആലോചിക്കാൻ ഈ അനുഭവം കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ചിത്രത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും ഭാഗമായിരുന്ന തനിക്കും ഉത്തരവാദിത്തമുണ്ടെന്നും ജാൻവി വ്യക്തമാക്കി. താരത്തിന്റെ പ്രതികരണത്തോടെ 'പെദ്ധി'യിലെ കഥാപാത്രാവതരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്.
സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്നതിനു പുറമെ, തങ്ങൾക്ക് അനുചിതമെന്ന് തോന്നുന്ന രംഗങ്ങളെ നായികമാർ ചോദ്യം ചെയ്യേണ്ടതില്ലേ എന്ന ചർച്ചയ്ക്കും സംഭവം വഴിതുറന്നിട്ടുണ്ട്. അതേസമയം, ജാൻവിയുടെ പ്രതികരണത്തിൽ സംവിധായകൻ ബുച്ചി ബാബു സന എന്തു പറയുമെന്നറിയാനാണ് സിനിമാലോകം കാത്തിരിക്കുന്നത്. 'പെദ്ധി' റിലീസ് ചെയ്തയുടൻ ജാൻവിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടയുർന്ന വിമർശനങ്ങളിൽ അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു.