

ഫാഷൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ജാൻവി കപുർ. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന 'ബോം ആൻഡ് മെർസിയർ' ഇവന്റിലാണ് താരം റെഡ് കാർപെറ്റിൽ വിസ്മയമായത്. വിന്റേജ് ലുക്കും മോഡേൺ എലഗൻസും ഒത്തുചേർന്ന ജാൻവിയുടെ വസ്ത്രധാരണവും ഹെയർ സ്റ്റൈലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ജാൻവിയുടെ പുതിയ ഹെയർ സ്റ്റൈലായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മുടി മുറിക്കാതെ തന്നെ 'ഫോ ബോബ്' എന്ന സാങ്കേതിക വിദ്യയിലൂടെയാണ് താരം ഈ ലുക്ക് പരീക്ഷിച്ചത്. സൈഡ് പാർട്ടിഷനും എസ്-വേവ്സും നൽകിയ മുടി വിന്റേജ് ഹോളിവുഡ് നടിമാരെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ജാൻവിയുടെ മുഖത്തിന്റെ ആഴവും കഴുത്തിലെ ആഭരണങ്ങളും കൂടുതൽ വ്യക്തമായി കാണിക്കാൻ ഈ പുത്തൻ ഹെയർ സ്റ്റൈൽ സഹായിച്ചു.
പ്രശസ്ത ഡിസൈനർ സബീന ബിലെങ്കോ തയാറാക്കിയ മനോഹരമായ ഗൗണാണ് ജാൻവി ധരിച്ചിരുന്നത്. ഷാംപെയ്ൻ നിറത്തിലുള്ള സ്ട്രാപ്ലെസ് ഗൗണിൽ സിൽവർ, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിലുള്ള ത്രീഡി പൂക്കൾ തുന്നിച്ചേർത്തിരുന്നു. ഇതിനു പുറമെ ധരിച്ച സിൽക്ക് ഓർഗൻസ കോട്ടും വലിയ ബെൽ സ്ലീവ്സുകളും താരത്തിന് രാജകീയ പരിവേഷം നൽകി.
വാച്ച് ബ്രാൻഡായ ബോം ആൻഡ് മെർസിയറിന്റെ പ്രതിനിധിയായാണ് ജാൻവി ചടങ്ങിൽ പങ്കെടുത്തത്. ഏകദേശം 4.5 ലക്ഷം രൂപയോളം വിലമതിക്കുന്ന ലക്ഷ്വറി വാച്ചും താരം കൈയിൽ അണിഞ്ഞിരുന്നു. മിനിമൽ മേക്കപ്പും ആഭരണങ്ങളുമാണു ബോളിവുഡ് സ്വപ്നതാരം തിരഞ്ഞെടുത്തത്.