

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ തിരക്കഥയിൽ 1989-ൽ പുറത്തിറങ്ങിയ ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ എന്ന ചിത്രത്തിന്റെ പരിഷ്കരിച്ച 4കെ- പതിപ്പ് ഈ മാസം റിലീസ് ചെയ്യും. 1974 കാലഘട്ടത്തിലെ ഒരു ആർക്കിടെക്ചർ സ്കൂൾ പശ്ചാത്തലമാക്കി പ്രദീപ് കിഷൻ സംവിധാനം ചെയ്ത ചിത്രം, തങ്ങളുടെ തീസിസ് പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ കഥയാണ് പറയുന്നത്. അരുന്ധതി റോയിക്കൊപ്പം ഷാരൂഖ് ഖാനും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
1989ൽ പുറത്തിറങ്ങിയ ചിത്രം, 4കെ നിലവാരത്തിലാണ് റീ റിലീസിന് തയാറാക്കിയിരിക്കുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് റീ റിലീസിന്റെ പിന്നിൽ. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ എത്തും. ഈ ചരിത്രനിമിഷത്തെ അനുസ്മരിച്ചുകൊണ്ടു തിരക്കഥയുടെ പുതിയ പതിപ്പും പ്രസിദ്ധീകരിക്കുന്നുണ്ട്. പെൻഗ്വിൻ-റാൻഡം ബുക്സ് ആണ് പ്രസാധകർ.
അരുന്ധതി റോയി, പ്രദീപ് കിഷൻ, ശിവേന്ദ്ര സിംഗ് ദുംഗർപുർ എന്നിവരുടെ പുതിയ ആമുഖങ്ങൾ ഉൾപ്പെടുത്തിയതാണ് തിരക്കഥയുടെ ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന പതിപ്പ്. സിനിമയുടെ നിർമാണം, നെഗറ്റീവ് നഷ്ടപ്പെട്ടതും പിന്നീട് വീണ്ടെടുത്തതും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ ഈ പതിപ്പ് നൽകുന്നു. സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും സന്തോഷവും ഒത്തൊരുമയുമാണ് ഈ കൊച്ചുചിത്രത്തെ ഇന്നും പ്രസക്തമായി നിലനിർത്തുന്നതെന്ന് അരുന്ധതി റോയി ആമുഖത്തിൽ കുറിച്ചു.