

തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'-ൽ അതിഥിവേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ ബോളിവുഡ് താരം ഹൃത്വിക് റോഷൻ വീണ്ടും തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 'ജയിലർ 2' സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം ഹൃത്വിക് ഒരു മുഴുനീള ചിത്രത്തിൽ ഒന്നിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ഈ പ്രോജക്ടിനോട് കൈകോർക്കാൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്.
'ജയിലർ 2'-ൽ റോഡി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. സ്റ്റൈലും മാസ് അപ്പീലും നിറഞ്ഞ ചിത്രത്തിൽ താരത്തെ ആക്ഷൻ രംഗങ്ങളിലൂടെയും വ്യത്യസ്തമായ അവതരണത്തിലൂടെയും നെൽസൺ അവതരിപ്പിച്ചു. ഹൃത്വിക് ചിത്രത്തിൽ തമിഴ് സംസാരിക്കുന്ന രംഗത്തിനും പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഹൃത്വിക് റോഷനും രജനികാന്തും അവസാനമായി ഒരുമിച്ച് സ്ക്രീനിലെത്തിയത് ഏകദേശം 40 വർഷം മുമ്പാണ്. ഹൃത്വിക് ബാലതാരമായിരിക്കെ ഇരുവരും 'ഭഗവാൻ ദാദ' എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചിരുന്നു.
'ജയിലർ 2'-ന് ബോക്സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ചതോടെ നെൽസണെ തേടി നിരവധി അവസരങ്ങളെത്തുന്നുവെന്നാണ് സിനിമാ മേഖലയിലെ സംസാരം. ഹൃത്വിക് റോഷനെ നായകനാക്കി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടുന്ന ഒരു മാസ് ആക്ഷൻ ചിത്രം ഒരുക്കുന്നതിനായി നെൽസൺ ചർച്ചകൾ നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവരും പലവട്ടം കൂടിക്കാഴ്ച നടത്തിയെന്നും സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നുമാണ് സൂചനകൾ.
എന്നാൽ, ഹൃത്വിക് റോഷനും നെൽസണും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചോ ഹോംബാലെ ഫിലിംസിന്റെ പങ്കാളിത്തത്തെക്കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.