
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന്, മെഗാ ഹിറ്റായി മാറിയ 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കിന് കൊച്ചിയിൽ തുടക്കം. 'ഹൈവാൻ' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. പനമ്പിള്ളി നഗറിലായിരുന്നു ഒന്നാംദിവസത്തെ ഷൂട്ടിങ്.
ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു: 'എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായ പ്രിയദർശൻ സാറിനൊപ്പം ഹൈവാന്റെ ഷൂട്ട് ഇന്നു തുടങ്ങുന്നു. ഏകദേശം 17 വർഷത്തിനുശേഷം സെയ്ഫിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം...'
'ഹൈവാനി'ൽ അക്ഷയ്കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. മലയാളത്തിൽ മാത്രമല്ല, അന്യഭാഷകളിലും ബോക്സ്ഓഫീസ് ഹിറ്റുകൾ തീർത്തിട്ടുള്ള പ്രിയദർശൻ ബോളിവുഡിലും പ്രിയ സംവിധായകനാണ്.
മോഹൻലാൽ ഉജ്വലമാക്കിയ ജയരാമൻ എന്ന കഥാപാത്രത്തെ ബോളിവുഡിൽ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് അക്ഷയ്കുമാർ. നീണ്ട ഇടവേളയ്ക്കുശേഷമാണ് അക്ഷയ്കുമാർ നെഗറ്റീവ് കഥാപാത്രമാകുന്നത്. 17 വര്ഷത്തിനുശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2008ൽ പുറത്തിറങ്ങിയ 'തഷാനി'ലാണ് സൂപ്പർതാരങ്ങൾ ഒരുമിച്ചത്.
'ഹൈവാന്റെ' ആദ്യഘട്ട ചിത്രീകരണമാണ് കൊച്ചിയിൽ ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷൻ ആണ്. മലയാളത്തിലെ ഒപ്പവും ഹിന്ദി പതിപ്പും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. നെടുമുടി വേണു അവതരിപ്പിച്ച റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ആയി ബൊമൻ ഇറാനി എത്തുന്നു. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ്. ജിത്തുമാധവൻ തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന മലയാളസിനിമ നിർമിക്കുന്നതും ഇവരാണ്. 'ഹൈവാൻ' അടുത്തവർഷം ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.