
മലയാളത്തിലെ ആദ്യ ശബ്ദസിനിമ പുറത്തുവന്ന് 87 വർഷത്തിനുശേഷം അതേ പേരിൽ മറ്റൊരു സിനിമ വരുന്നു. പുതിയ കാലത്തിന്റെ 'ബാലൻ' സംവിധാനം ചെയ്യുന്നത് ചിദംബരമാണ്. കളക്ഷനിൽ ചരിത്രംസൃഷ്ടിച്ച 'മഞ്ഞുമ്മൽ ബോയ്സി'നുശേഷമുള്ള ചിദംബരംചിത്രം. 'രോമാഞ്ച'ത്തിന്റെയും 'ആവേശ'ത്തിന്റെയും സംവിധായകൻ ജിത്തുമാധവന്റേതാണ് തിരക്കഥ. കെ.വി.എൻ.പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും ബാനറിൽ വെങ്കട് കെ.നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജ കോവളത്ത് നടന്നു.
വിജയ്‌യുടെ തമിഴിലെ വമ്പൻ ചിത്രം 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവയുടെ നിർമാതാക്കളാണ് വെങ്കട് കെ.നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷൻസ്. ഇവരുടെ ആദ്യ മലയാളചിത്രമാണിത്.
ബോളിവുഡിലും മുംബൈ പരസ്യലോകത്തും ശ്രദ്ധേയനായ സതീഷ് ഫെന്നിന്റെ ഭാര്യയാണ് തെസ്പിയൻ പ്രൊഡക്ഷൻസിന്റെ ശൈലജ ദേശായി. എഴുത്തുകാരനായ ടി.ചാണ്ടിയുടെ കൊച്ചുമകനായ സതീഷിന്റെ കുടുംബവേരുകൾ കേരളത്തിലാണ്.
പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന 'ബാലനി'ലെ അഭിനേതാക്കളെ കണ്ടെത്തിയത് ഓഡിഷനിലൂടെയാണ്. പിൻതിരിഞ്ഞുനില്കുന്ന കുട്ടിയുടെ ചിത്രമാണ് ടൈറ്റിൽപോസ്റ്ററിലുള്ളത്. 'മഞ്ഞുമ്മൽബോയ്സി'ന്റെ അതേ ടീം തന്നെയാണ് 'ബാലന്റെ' അണിയറയിലും. ഛായാഗ്രഹണം-ഷൈജു ഖാലിദ്,സംഗീതം-സുഷിൻ ശ്യാം,എഡിറ്റിങ്-വിവേക് ഹർഷൻ,പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി.
മറ്റ് അണിയറപ്രവർത്തകർ: കോസ്റ്റ്യൂം- സപ്ന കാജ റാവുത്തർ, മേക്കപ്പ്-റോണക്സ് സേവ്യർ, ഓഡിയോഗ്രാഫി- ഷിജിൻ മെൽവിൻ ഹട്ടൺ. അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ- സുപ്രീത് കാസാൻ അഹ്മദ്, പൂജ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ- കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗണപതി, അസോസിയേറ്റ് ഡയറക്ടർമാർ- ബിനു ബാലൻ, എസ്.കെ ശ്രീരാഗ്, വിഎഫ്എക്സ്-എഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്സ്,പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ
എസ്.നൊഠാണി സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ 'ബാലൻ' 1938-ൽ ആണ് പുറത്തിറങ്ങിയത്. മുതുകുളം രാഘവൻ പിള്ളയുടേതായിരുന്നു തിരക്കഥ. ടി.ആർ.സുന്ദരത്തിന്റെ മോഡേൺ തീയേറ്റേഴ്സ് ആയിരുന്നു നിർമാതാക്കൾ.