

അക്ഷയ് കുമാര്‍-സെയ്ഫ് അലി ഖാന്‍ ചിത്രം 'ഹൈവാന്‍' ബോക്‌സ് ഓഫീസില്‍ വന്‍ തിരിച്ചടി നേരിടുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ അക്ഷയ് കുമാറിന്റെ ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടുന്ന സിനിമയായി മാറാനാണ് സാധ്യതയെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആദ്യ ദിനത്തില്‍ വെറും മൂന്നു കോടി രൂപ മാത്രം നേടാനായ ചിത്രത്തിന്റെ കളക്ഷന്‍ പിന്നീടുള്ള ദിവസങ്ങളിലും കുത്തനെ ഇടിയുകയായിരുന്നു. തിങ്കളാഴ്ച കേവലം 70 ലക്ഷം രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. നിലവില്‍ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷന്‍ 8.05 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്കായാണ് 'ഹൈവാന്‍' ഒരുക്കിയത്.
തിയേറ്ററുകളില്‍ ചിത്രത്തിനു ലഭിച്ച മോശം പ്രതികരണത്തിന് പുറമെ, തിയേറ്ററുകളില്‍ തുടരുന്ന 'മിര്‍സാപുര്‍: ദ് മൂവി', 'ഹനുമാന്‍ അംശ്' എന്നീ ചിത്രങ്ങളില്‍ നിന്നുള്ള ശക്തമായ മത്സരവും സിനിമയ്ക്ക് തിരിച്ചടിയായി. അടുത്ത ആഴ്ച മറ്റ് പുതിയ വലിയ ചിത്രങ്ങള്‍ റിലീസിനെത്തുന്നതോടെ 'ഹൈവാന്‍' ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 30 കോടി തികയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. 2024-ല്‍ പുറത്തിറങ്ങി 24.85 കോടി രൂപ നേടിയ 'സര്‍ഫിറ'യ്ക്ക ശേഷം അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് തിരിച്ചടിയാവും ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.