

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍: ദി റിവഞ്ച്' തിയേറ്ററുകളില്‍ വിജയകരമായി 100 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ഈ അപൂര്‍വ നേട്ടം ആഘോഷമാക്കുന്നതിനായി ചിത്രത്തിന്റെ നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോസ് പ്രത്യേക 100 ഡേയ്‌സ് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ജനപ്രിയ ഗാനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജിയോ സ്റ്റുഡിയോസ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന ഇന്നത്തെ കാലത്ത് ഒരു സിനിമ തിയേറ്ററുകളില്‍ 50 ദിവസം തികയ്ക്കുന്നത് തന്നെ വലിയ നേട്ടമായി കാണുമ്പോള്‍, 100 ദിവസത്തെ തിയേറ്റര്‍ റണ്‍ എന്നത് വലിയൊരു നാഴികക്കല്ലായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്സ്റ്റാറിലുമായി സ്ട്രീമിങ് തുടരുന്നതിനിടെയാണ് 'ധുരന്ധര്‍ 2: ദി റിവഞ്ച്' ഈ നേട്ടം സ്വന്തമാക്കിയത്.
സാക്‌നില്‍കിന്റെ കണക്കുകള്‍ പ്രകാരം, 100 ദിവസത്തെ പ്രദര്‍ശനത്തിലൂടെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1800 കോടി രൂപയിലധികം ചിത്രം നേടിക്കഴിഞ്ഞു. ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും ആകെ കളക്ഷന്‍ നോക്കുകയാണെങ്കില്‍, ആഗോളതലത്തില്‍ 3000 കോടിയിലധികം രൂപയാണ് 'ധുരന്ധര്‍' സീരീസ് സ്വന്തമാക്കിയത്.
തിയേറ്ററുകളില്‍ മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സാക്‌നില്‍കിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026-ല്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ 'ധുരന്ധര്‍' സീരീസ് മുന്നിലാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിലും, രണ്ടാം ഭാഗം ജിയോ ഹോട്ട്സ്റ്റാറിലുമായി യഥാക്രമം 31.1 മില്യണ്‍, 16.9 മില്യണ്‍ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
പാകിസ്ഥാനിലെ ലിയാരിയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന ഹംസ അലി മസാരി എന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രങ്ങളുടെ വമ്പന്‍ വിജയത്തോടെ ഇന്‍ഡ്യന്‍ സിനിമയിലെ രണ്‍വീര്‍ സിങ്ങിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണ്.