

ഇന്ത്യന്‍ സിനിമാചരിത്രം തിരുത്തിക്കുറിച്ച് ആദിത്യ ധര്‍-രണ്‍വീര്‍ സിങ് കൂട്ടുകെട്ടിന്റെ ആക്ഷന്‍ വിരുന്ന് 'ധുരന്ധര്‍: ദി റിവഞ്ച്' ബോക്‌സ് ഓഫീസ് ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും 15 ദിവസങ്ങള്‍ക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 1501 കോടി രൂപയാണ് നേടിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 1500 കോടി ക്ലബ്ബിലെത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി 'ധുരന്ധര്‍ 2' മാറി.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 1134 കോടി നേടിയ ചിത്രം വിദേശ വിപണികളില്‍ നിന്ന് 367 കോടി സ്വന്തമാക്കി. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ ഇതിനോടകം തന്നെ 961 കോടി പിന്നിട്ടു കഴിഞ്ഞു. ആദ്യ വാരം 690 കോടി നേടിയ ചിത്രം, രണ്ടാം വാരത്തിലെ പ്രവൃത്തി ദിവസങ്ങളിലും രണ്ടക്ക സംഖ്യയിലുള്ള കളക്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. അടുത്ത ലക്ഷ്യം 2000 കോടി എന്ന മാന്ത്രിക സംഖ്യയാണ്.
ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളില്‍ രണ്‍വീര്‍ സിങ് നടത്തിയ പ്രകടനം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ദക്ഷിണ കൊറിയന്‍ സ്റ്റണ്ട് ഡയറക്ടര്‍ ഓ-സീ യങ് രണ്‍വീറിനെ 'ബീസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്. 'ആക്ഷന്‍ കൊറിയോഗ്രഫിയില്‍ ഇത്രയും കൃത്യത പാലിക്കുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല, ഷൂട്ടിങ്ങിനു മുമ്പ് അദ്ദേഹം ഓരോ ചലനവും കുറിച്ചുവച്ച് പഠിക്കുമായിരുന്നു.'- യങ് പറഞ്ഞു.
ജസ്‌കിരത് സിങ് രംഗി എന്ന ഇന്ത്യന്‍ ചാരന്‍ ഹംസ അലി മസാരിയായി പാകിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ വമ്പന്‍ താരനിരയും ആദിത്യ ധറിന്റെ ഗംഭീര മേക്കിങ്ങും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു. മാര്‍ച്ച് 19-ന് പുറത്തിറങ്ങിയ ഈ സ്‌പൈ ത്രില്ലര്‍ ജിയോ സ്റ്റുഡിയോസിന്റെയും ബി62 സ്റ്റുഡിയോസിന്റെയും ബാനറിലാണ് നിര്‍മിച്ചത്. വരും ദിവസങ്ങളിലും ചിത്രം വലിയ മുന്നേറ്റം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.