

ബി ടൗൺ സൂപ്പർ സ്റ്റാർ രൺവീർ സിങ്ങിന്റെ ഇതുവരെ കാണാത്ത മാസ് ലുക്കിൽ, ആരാധകർ ആവേശത്തോടെ കാത്തിരുന്ന "ധുരന്ധർ 2' ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ട്രെയിലർ റിലീസ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിലെ താരങ്ങളും അണിയറക്കാരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ഏഴുമണിക്കൂർ കൊണ്ട് 15ദശലക്ഷം പേരാണ് ട്രെയിലർ കണ്ടത്.
'ധുരന്ധർ: ദി റിവഞ്ച്' എന്ന രണ്ടാം ഭാഗത്തിൽ രൺവീർ സിങ് മാസ് ലുക്കിലും വയലൻസ് നിറഞ്ഞ റിവഞ്ച് മോഡിലുമാണ് പ്രത്യക്ഷപ്പെടുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ആദ്യത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയായ ഭീകരസംഘങ്ങളെ തകർക്കാൻ പാകിസ്ഥാനിലെ കറാച്ചിയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഏജന്റിന്റെ കഥയായിരുന്നു.
രണ്ടാം ഭാഗത്തിൽ, പാകിസ്ഥാനിലെ അധോലോക നായകനായ റഹ്മാൻ ഡക്കൈറ്റിന്റെ (അക്ഷയ് ഖന്ന) മരണശേഷം ലിയാരി ടൗണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഹംസ അലി മസാരി എന്ന ഇന്ത്യൻ അണ്ടർകവർ ഏജന്റ് ആയാണ് രൺവീർ എത്തുന്നത്. ജസ്കീരത് സിംഗ് രംഗി എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ പോരാട്ടങ്ങളും മേജർ ഇക്ബാലിനായുള്ള തിരച്ചിലുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
രൺവീർ സിങ്ങിനൊപ്പം സാറാ അലി ഖാൻ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാർച്ച് 19ന് ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിൽ എത്തും. വിദേശ രാജ്യങ്ങളിൽ അഡ്വാൻസ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ഇന്നു ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, മാർച്ച് 18ന് വൈകുന്നേരം ചിത്രത്തിന്റെ സ്പെഷ്യൽ പെയ്ഡ് പ്രിവ്യൂ ഷോകളും അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നുണ്ട്.