

ഇന്ത്യൻ ചലച്ചിത്രലോകം ഉറ്റുനോക്കിയ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ ചരിത്രമുന്നേറ്റത്തോടെ തുടക്കംകുറിച്ചു. ജസ്കിരത് സിങ് രംഗി എന്ന ഹംസ അലി മസാരിയായി രൺവീർ സിങ് വീണ്ടും തകർത്താടിയ ചിത്രം, റിലീസിന് മുൻപുള്ള പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെ മാത്രം റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. 2026ലെ ഏറ്റവും വലിയ ബോളിവുഡ് റിലീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങിയ 'ധുരന്ധർ: ദി റിവഞ്ച്.'
ഒരു ബോളിവുഡ് ചിത്രത്തിനു ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രീമിയർ ഷോയാണ് ധുരന്ധർ രണ്ടാം ഭാഗത്തിനു ലഭിച്ചത്. ഏകദേശം 10,000 ഷോയാണ് പെയ്ഡ് പ്രിവ്യൂ ഇനത്തിൽ സംഘടിപ്പിച്ചത്. ബുധനാഴ്ച നടന്ന ഷോയിലൂടെ മാത്രം 44 കോടി രൂപ ചിത്രം നേടി. ആദ്യദിന കളക്ഷൻ കൂടി ചേരുമ്പോൾ ചിത്രം 100 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
റിലീസിനു മുന്നോടിയായി ചില സാങ്കേതിക തടസങ്ങൾ നേരിട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. കണ്ടന്റ് എത്താനുണ്ടായ കാലതാമസം മൂലം ബുധനാഴ്ച വൈകുന്നേരത്തെ ഡബ്ബ് ചെയ്ത പതിപ്പുകൾ റദ്ദാക്കിയിരുന്നു. മലയാളം, കന്നഡ പതിപ്പുകൾ വ്യാഴാഴ്ചത്തേക്കും തമിഴ്, തെലുങ്ക് പതിപ്പുകൾ ചൊവ്വാഴ്ച രാത്രിയിലേക്കും മാറ്റിവച്ചു. കൂടാതെ മുംബൈ, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിലെ ഹിന്ദി പ്രിവ്യൂ ഷോകളിലും ചില സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം ചിത്രം ആഗോള റെക്കോഡുകൾ ഭേദിച്ചു.
2025 ഡിസംബറിൽ പുറത്തിറങ്ങി 1300 കോടി രൂപ ആഗോളതലത്തിൽ നേടിയ ധുരന്ധറിന്റെ വൻ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗം എത്തുന്നത്. രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സ്പൈ ത്രില്ലറിൽ രാകേഷ് ബേദി, ഡാനിഷ് പണ്ടോർ, സാറ അർജുൻ എന്നിവരും അഭിനയിക്കുന്നു. യാമി ഗൗതമിന്റെ അതിഥി വേഷം ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.