

രണ്‍വീര്‍ സിങ് നായകനായ ആക്ഷന്‍ ത്രില്ലര്‍ 'ധുരന്ധര്‍: ദി റിവഞ്ച്' ആഗോള ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ടു ദിവസത്തിനുള്ളില്‍ ചിത്രം 315 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ വിപണികളിലും ഇന്ത്യയിലും ഒരുപോലെ വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്.
രണ്ടു ദിവസം കൊണ്ട് വിദേശത്തുനിന്നു മാത്രം 9.90 മില്യണ്‍ ഡോളര്‍ (ഏകദേശം 92.50 കോടി രൂപ) ചിത്രം നേടിക്കഴിഞ്ഞു. ശ്രദ്ധേയമായ കാര്യം, ഗള്‍ഫ് രാജ്യങ്ങളിലെ റിലീസ് ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചത് എന്നതാണ്. 'പത്താന്‍', 'ജവാന്‍' എന്നീ ചിത്രങ്ങളാണ് ഇതിനുമുമ്പ് വിദേശവിപണിയില്‍ ഇത്രയും വലിയ ഓപ്പണിങ് നേടിയിട്ടുള്ളത്. നാലു ദിവസത്തെ ലോങ് വീക്കെന്‍ഡ് അവസാനിക്കുമ്പോള്‍ വിദേശ കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍നിന്ന് 4.96 മില്യണ്‍ ഡോളര്‍ (46.63 കോടിയോളം), കാനഡയില്‍നിന്ന് 1.43 മില്യണ്‍ ഡോളര്‍ (13.44 കോടിയോളം), യുകെയില്‍നിന്ന് 1.23 മില്യണ്‍ ഡോളര്‍ (11.56 കോടിയോളം), ഓസ്ട്രേലിയയില്‍നിന്ന് 1.05 മില്യണ്‍ ഡോളര്‍ (10 കോടിയോളം) നേടിയെന്നാണ് കണക്ക്. കൂടാതെ കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സിംഗിള്‍ ഡേ കളക്ഷനില്‍ മാത്രം ചിത്രം പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു. ജര്‍മനി, സിംഗപുര്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണു ചിത്രത്തിനു ലഭിക്കുന്നത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും 'ധുരന്ധര്‍ 2' കരുത്ത് കാട്ടുകയാണ്. രണ്ട് ദിവസം കൊണ്ട് 222.50 കോടി രൂപയാണ് ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍. ശനി, ഞായര്‍ ദിവസങ്ങളിലെ അഡ്വാന്‍സ് ബുക്കിങ് നില കൂടി പരിഗണിക്കുമ്പോള്‍ ആഗോള കളക്ഷന്‍ വരും ദിവസങ്ങളില്‍ 600-650 കോടി രൂപയിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി 'ധുരന്ധര്‍ 2' മാറിക്കഴിഞ്ഞു. വിദേശത്തെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ചിത്രത്തിനുള്ള വലിയ സ്വീകാര്യത വരും വാരങ്ങളിലും കളക്ഷന്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകും.