

ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്ങിന്റെ 'ധുരന്ധർ: ദ റിവഞ്ച്' തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. 2025-ലെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ഈ സ്പൈ ആക്ഷൻ ത്രില്ലറിന് ആരാധകരിൽനിന്നും സഹപ്രവർത്തകരിൽനിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. രൺവീർ സിങ്, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പ്രമുഖ താരങ്ങൾ.
ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങ്ങിനു ശേഷം ടോളിവുഡ് നായകൻ അല്ലു അർജുൻ തന്റെ എക്സ് പേജിലൂടെ രൺവീർ സിങ്ങിനെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ചു. 'ദേശസ്നേഹം നിറഞ്ഞ ചിത്രം. ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നും. രൺവീറിനെപ്പോലൊരു മികച്ച നടൻ നമ്മുടെ രാജ്യത്തുള്ളതിൽ അഭിമാനിക്കുന്നു.'- അല്ലു കുറിച്ചു. സംവിധായകൻ ആദിത്യ ധറിനെയും മാധവന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
രൺവീർ സിങ് ഒരു കൊടുങ്കാറ്റായി മാറിയെന്ന് കാർത്തിക് ആര്യൻ അഭിപ്രായപ്പെട്ടു. ഇതൊരു 'മസ്റ്റ് വാച്ച്' മൂവി ആണെന്നും കാർത്തിക് പറഞ്ഞു. ചിത്രത്തിന്റെ എല്ലാ മേഖലകളും മികച്ചതാണെന്ന് പ്രീതി സിന്റ പറഞ്ഞു. അർജുൻ രാംപാലിന്റെയും രൺവീറിന്റെയും പ്രകടനങ്ങളെ അവർ പ്രത്യേകം എടുത്തുപറഞ്ഞു. ആദിത്യ ധറിന്റെ സംവിധാനത്തെയും രൺവീറിന്റെ 'ബീസ്റ്റ്' മോഡ് പ്രകടനത്തെയും അനന്യ പാണ്ഡെ പുകഴ്ത്തി.
ആദ്യ മണിക്കൂറുകളിൽ തന്നെ സോഷ്യൽ മീഡിയയിൽ 'ധുരന്ധർ 2' വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ബോക്സ്ഓഫീസിൽ രൺവീർ സിങ്ങിന്റെ ജൈത്രയാത്രയാണു നടക്കുന്നത്.