

രൺവീർ സിങ്ങിന്റെ ആക്ഷൻ പൂരം 'ധുരന്ധർ 2' ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രനേട്ടങ്ങൾ കൊയ്യുകയാണ്. റിലീസ് ചെയ്ത് 20 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നു മാത്രം 1,033.37 കോടി രൂപ ചിത്രം സ്വന്തമാക്കി. ഇതോടെ എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി 2'-ന്റെ (1,030.42 കോടി) ഇന്ത്യൻ കളക്ഷനെ മറികടക്കാൻ രൺവീർ ചിത്രത്തിനു സാധിച്ചു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന പദവിയിലേക്ക് എത്താൻ 'ധുരന്ധർ 2'-ന് ഇനി വെറും 200.63 കോടി മതി.
അല്ലു അർജുന്റെ 'പുഷ്പ 2' ഇന്ത്യയിൽ നേടിയ 1,234.10 കോടി രൂപ എന്ന റെക്കോഡാണ് ഇനി ധുരന്ധറിന് മുന്നിലുള്ള കടമ്പ. ഹിന്ദി ബെൽറ്റിൽ പുഷ്പയ്ക്ക് തുല്യമായ പ്രകടനം കാഴ്ചവയ്ക്കാൻ ധുരന്ധറിന് സാധിച്ചെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്നിലാണ്. വിദേശത്തും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. വിദേശ വിപണിയിൽനിന്ന് ഇതുവരെ 404 കോടി രൂപ ചിത്രം നേടി. ഇതോടെ ലോകമെമ്പാടുമുള്ള കളക്ഷൻ 1,641.21 കോടി രൂപയായി ഉയർന്നു. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 674.17 കോടി രൂപ നേടി ചിത്രം വലിയ കുതിപ്പ് നടത്തിയിരുന്നു. രണ്ടാം വാരത്തിൽ 263.65 കോടി രൂപയും ചിത്രം സ്വന്തമാക്കി.
2025 ഡിസംബറിൽ പുറത്തിറങ്ങിയ 'ധുരന്ധർ' ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷൻ വെറും പതിനൊന്നു ദിവസം കൊണ്ട് രണ്ടാം ഭാഗം മറികടന്നിരുന്നു. 'ധുരന്ധർ 2' ഇന്ത്യൻ സിനിമയിലെ സർവകാല റിക്കാർഡ് കരസ്ഥമാക്കുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം.