ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; ധര്‍മേന്ദ്ര സുഖമായിരിക്കുന്നു, പൂര്‍ണ ആരോഗ്യവാന്‍

ബോളിവുഡ് താരം ധർമേന്ദ്ര
ധർമേന്ദ്രഫോട്ടോ-അറേഞ്ച്ഡ്
Published on

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബാംഗങ്ങള്‍. മഹാനായ കലാകാരനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബം അഭ്യര്‍ഥിച്ചു. 89കാരനായ താരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 31ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഒരാഴ്ച മുമ്പാണ് അദ്ദേഹം വസതിയിലേക്കു മടങ്ങിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില മോശമായിരുന്നുവെന്നും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ദിവസങ്ങളോളം കഴിഞ്ഞിരുന്നതെന്നും അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സ വീട്ടില്‍ തുടരുമെന്നും ഡോക്ടര്‍ അറിയിച്ചു. ധര്‍മേന്ദ്രയുടെ കുടുംബവും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതായി സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കുകയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നു മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

Must Read
'ഷോലെ'യില്‍ അഭിനയിക്കാന്‍ ആദ്യം ഞാന്‍ ആഗ്രഹിച്ചില്ല..'
ബോളിവുഡ് താരം ധർമേന്ദ്ര

നടന്റെ ആരോഗ്യസ്ഥിതി ആരാധകരിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതു പലതവണ ആശയക്കുഴപ്പത്തിനു കാരണമായി. അദ്ദേഹം അന്തരിച്ചതായി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷാമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കെ, ഭാര്യ ഹേമ മാലിനി, മൂത്ത മകന്‍ സണ്ണി ഡിയോള്‍, മകള്‍ ഇഷ ഡിയോള്‍ എന്നിവര്‍ വാര്‍ത്ത നിഷേധിക്കുകയും തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിക്കുകയും ചെയ്തു.

'മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ അച്ഛന്‍ ആരോഗ്യവാനാണ്. സുഖം പ്രാപിച്ചുവരുന്നു. എല്ലാവരും ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അച്ഛന്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിച്ചവര്‍ക്കു നന്ദി...' ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ധര്‍മേന്ദ്രയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ ഭാര്യയും ബോളിവുഡ് നടിയുമായ ഹേമമാലിനിയും വിമര്‍ശിച്ചു. അദ്ദേഹം അന്തരിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഹേമമാലിനിയുടെ ശക്തമായ പ്രതികരണം. 'ഇത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയും. ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഹേമമാലിനി എഴുതി. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ധര്‍മേന്ദ്രയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Related Stories

No stories found.
Pappappa
pappappa.com