

ബോളിവുഡിലെ താരകുടുംബങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കപുർ, ഖാൻ കുടുംബങ്ങളാണ് ഇടംപിടിക്കാറുള്ളത്. എന്നാൽ ആറു പതിറ്റാണ്ടുകളായി ഹിന്ദി സിനിമയുടെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുകയും സ്വന്തം നിലപാടുകളിലൂടെയും തിരിച്ചുവരവുകളിലൂടെയും ശ്രദ്ധ നേടുകയും ചെയ്ത കുടുംബമാണ് ഡിയോൾ കുടുംബം. ധർമേന്ദ്രയിൽ തുടങ്ങി സണ്ണി ഡിയോൾ, ബോബി ഡിയോൾ, അഭയ് ഡിയോൾ എന്നിവരിലൂടെ പുതുതലമുറയിലേക്കെത്തിയിരിക്കുന്നു.
1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര അഭിനയരംഗത്തേക്ക് എത്തിയത്. മകൻ കോളജ് അധ്യാപകനാകണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നെങ്കിലും 1958-ലെ ഫിലിംഫെയർ ടാലന്റ് ഹണ്ട് മത്സരത്തിലൂടെ ലഭിച്ച അവസരമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
'ഫൂൽ ഔർ പഥർ', 'സീത ഔർ ഗീത', 'ഷോലെ', 'ചുപ്കേ ചുപ്കേ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ 'ഹീ-മാൻ' എന്ന വിശേഷണം അദ്ദേഹം സ്വന്തമാക്കി. സൂപ്പർതാര പദവിയിലിരിക്കുമ്പോഴും കുടുംബത്തോടൊപ്പമുള്ള ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നതെന്ന് ബന്ധുവും സംവിധായകനുമായ ഗുഡ്ഡു ധനോവ ഓർമിക്കുന്നു.
രണ്ടാം തലമുറയിൽ ധർമേന്ദ്രയുടെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും കരിയറിൽ വലിയ ഉയർച്ചതാഴ്ചകൾ നേരിട്ടവരാണ്. 'ഗദർ: ഏക് പ്രേം കഥ', 'ബോർഡർ', 'ഘാതക്' തുടങ്ങിയ ചിത്രങ്ങളിലൂടെ വൻ വിജയങ്ങൾ നേടിയ സണ്ണി ഡിയോളിന് പിന്നീട് രണ്ടു പതിറ്റാണ്ടോളം ബോക്സ് ഓഫീസിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഈ കാലയളവിൽ നിർമാണ രംഗത്ത് സജീവമായാണ് അദ്ദേഹം പിടിച്ചുനിന്നത്. സണ്ണിയുടെ മാനേജരായിരുന്ന നീന റാവുവിന്റെ വാക്കുകളനുസരിച്ച്, കുടുംബത്തോടുള്ള കരുതലും അർപ്പണബോധവുമാണ് അദ്ദേഹത്തെ എന്നും മുന്നോട്ടുനയിച്ചത്.
തൊണ്ണൂറുകളിൽ 'ബർസാത്ത്', 'ഗുപ്ത്', 'സോൾജിയർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബോബി ഡിയോളിനും ഇടക്കാലത്ത് നല്ല തിരക്കഥകൾ ലഭിക്കാത്ത സാഹചര്യമുണ്ടായി. സാമ്പത്തികമായും കുടുംബം വെല്ലുവിളികൾ നേരിട്ട ഘട്ടമായിരുന്നു അത്. എന്നാൽ 2020-ൽ 'ക്ലാസ് ഓഫ് 83', 'ആശ്രം' എന്നീ ഒടിടി പ്രോജക്ടുകളിലൂടെ ബോബി ശക്തമായ രണ്ടാം വരവ് നടത്തി.
പിന്നീട് 2023-ൽ 'അനിമൽ' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അദ്ദേഹം വീണ്ടും മുൻനിരയിലെത്തി. ഇതേ കാലയളവിൽ സണ്ണി ഡിയോൾ നായകനായ 'ഗദർ 2' ആഗോളതലത്തിൽ 691 കോടിയിലധികം രൂപ കളക്ഷൻ നേടിയത് ഡിയോൾ കുടുംബത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി.
ധർമേന്ദ്രയുടെ അനന്തിരവനായ അഭയ് ഡിയോൾ മുഖ്യധാരാ വാണിജ്യ സിനിമകൾക്ക് പകരം 'ദേവ് ഡി', 'ഓയ് ലക്കി! ലക്കി ഓയ്!' തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങളിലൂടെയാണ് സ്വന്തം ഇടം കണ്ടെത്തിയത്. ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും പെൺമക്കളിൽ ഇഷ ഡിയോൾ ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സഹോദരി അഹാന അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു.
സണ്ണിയുടെ മക്കളായ കരൺ ഡിയോൾ ('പൽ പൽ ദിൽ കേ പാസ്'), രാജ്വീർ ഡിയോൾ ('ദോനോ') എന്നിവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എങ്കിലും 'ബോർഡർ 2', 'രാമായണ' തുടങ്ങിയ വരാനിരിക്കുന്ന വമ്പൻ പ്രോജക്ടുകളിലൂടെയും പുതുതലമുറയുടെ പരിശ്രമങ്ങളിലൂടെയും ബോളിവുഡിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഡിയോൾ കുടുംബം.