

ബോളിവുഡ് എന്നും പരീക്ഷണങ്ങളുടെ വേദിയാണ്. എന്നാൽ പണ്ട് 'കോപ്പി/ഇൻസ്പിരേഷൻ' ചർച്ചകൾ സജീവമാകുന്നതിന് മുമ്പ്, പല സൂപ്പർഹിറ്റ് ചിത്രങ്ങളും ഹോളിവുഡിൽനിന്ന് നേരിട്ടു പകർത്തിയതായിരുന്നു. ഒറിജിനൽ കഥയെന്ന് കരുതി നമ്മൾ ടിക്കറ്റെടുത്തു കണ്ട പല സിനിമകളും യഥാർഥത്തിൽ വിദേശ സിനിമകളുടെ ദേശി പതിപ്പുകളായിരുന്നു എന്നതാണ് സത്യം. ഈ ഏപ്രിൽ ഫൂൾ ദിനത്തിൽ അത്തരത്തിൽ നമ്മെ പറ്റിച്ച ചില ബോളിവുഡ് ഹിറ്റുകളെ പരിചയപ്പെടാം.
ആമിർ ഖാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ 'ഹം ഹേ രാഹി പ്യാർ കേ', 1958-ൽ പുറത്തിറങ്ങിയ 'ഹൗസ് ബോട്ട്' എന്ന സിനിമയെ ആസ്പദമാക്കി എടുത്തതാണ്. കുസൃതികളായ കുട്ടികളെ നോക്കാൻ പ്രയാസപ്പെടുന്ന നായകനും അവിടേക്ക് കടന്നുവരുന്ന നായികയും ഒടുവിൽ അവർ പ്രണയത്തിലാകുന്നതുമെല്ലാം ഹോളിവുഡിൽനിന്ന് പകർത്തിയതാണ്.
ഷാരൂഖ് ഖാന്റെ 'യെസ് ബോസ്' എന്ന ചിത്രം 'ഫോർ ലവ് ഓർ മണി' എന്ന സിനിമയുടെ ബോളിവുഡ് റീമിക്സ് പോലെ തോന്നും. കരിയറും പ്രണയവും തമ്മിലുള്ള സംഘർഷമാണ് ഇതിലും പ്രമേയം. അതുപോലെ, ഷാരൂഖ് ഖാനെ സൂപ്പർസ്റ്റാറാക്കിയ 'ബാസിഗർ' എന്ന ചിത്രം 'എ കിസ് ബിഫോർ ഡൈയിങ്' എന്ന സിനിമയുടെ അദ്യശ്യ റീമിക്സായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലെ പ്രശസ്തമായ ആ ടെറസ് സീൻ പോലും ഹോളിവുഡിലേതിന് സമാനമാണ്.
അമിതാഭ് ബച്ചൻ തകർത്താടിയ 'സത്തേ പേ സത്ത' എന്ന ചിത്രം 'സെവൻ ബ്രൈഡ്സ് ഫോർ സെവൻ ബ്രദേഴ്സ്' എന്ന ഹോളിവുഡ് മ്യൂസിക്കലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഏഴ് സഹോദരന്മാരുടെ കഥ ബോളിവുഡിലെത്തിയപ്പോൾ ആക്ഷനും സസ്പെൻസും കുറച്ച് മസാലയും ചേർത്തു എന്നു മാത്രം.
ട്വിസ്റ്റുകൾ കൊണ്ട് നമ്മെ ഞെട്ടിച്ച 'റേസ്' എന്ന ചിത്രം 'ഗുഡ്ബൈ ലവർ' എന്ന സിനിമയുമായി ഏറെ സാമ്യമുള്ളതാണ്. അതിലെ അനിൽ കപുറിന്റെ ഡിറ്റക്റ്റീവ് വേഷം പോലും ഹോളിവുഡിൽ നിന്നുള്ള ഒരു കഥാപാത്രത്തെ ഓർമിപ്പിക്കും. ബോബി ഡിയോളിന്റെ 'ബിച്ചൂ' എന്ന ചിത്രം വിഖ്യാത സിനിമയായ 'ലിയോൺ: ദ പ്രൊഫഷണലി'ന്റെ മാറ്റം വരുത്തിയ പതിപ്പാണ്. ഹിറ്റ് സിനിമയായ 'ഷൗക്കീൻ' (1981) പോലും 1962-ൽ ഇറങ്ങിയ 'ബോയ്സ് നൈറ്റ് ഔട്ട്' എന്ന സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്.
ചുരുക്കത്തിൽ, പ്രേക്ഷകരെ വിസ്മയിപ്പിച്ച പല ബോളിവുഡ് ചിത്രങ്ങളും യഥാർഥത്തിൽ ഹോളിവുഡിന്റെ മണ്ണിൽ മുളച്ചവയായിരുന്നു. എങ്കിലും ഇന്ത്യൻ പ്രേക്ഷകർക്ക് അനുയോജ്യമായ രീതിയിൽ സംഗീതവും വൈകാരികതയും ചേർത്ത് അവ അവതരിപ്പിക്കുന്നതിൽ നമ്മുടെ സംവിധായകർ വിജയിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്.