

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരം അമിതാഭ് ബച്ചന്റെ 84-ാം ജന്മദിനത്തില്‍ ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബച്ചനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് കമല്‍ഹാസന്‍ തന്റെ പ്രിയ നടന് ആശംസകള്‍ നേര്‍ന്നത്. സിനിമാ മേഖലയിലെ പ്രമുഖരും ആരാധകരുമടക്കം നിരവധിയാളുകളാണ് അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്.
അമിതാഭ് ബച്ചന്റെ ശബ്ദത്തെയും അഭിനയ ശൈലിയെയും പ്രശംസിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ കുറിപ്പ്. 'അദ്ദേഹം തന്റെ ഗംഭീര ശബ്ദത്തെ ഐക്കണാക്കി മാറ്റി; സംഭാഷണങ്ങള്‍ക്കിടയിലെ നിശബ്ദതയെ നാടകീയതയുള്ളതാക്കി, പുരികം ഉയര്‍ത്തുന്നത് പോലും കഥയിലെ വലിയൊരു ട്വിസ്റ്റ് പോലെയാക്കി മാറ്റി. അമിത് ജിക്ക് ഒരു സാധാരണ 'ദേവിയോം ഔർ സജ്ജനോം' എന്ന അഭിസംബോധന പോലും ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഗംഭീരമായ തുടക്കം പോലെയാക്കാൻ കഴിയും. അദ്ദേഹം എപ്പോഴും മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട തലത്തിലാണ്. ജന്മദിനാശംസകള്‍, ആംഗ്രി യംഗ് മാന്‍!'- കമല്‍ഹാസന്‍ കുറിച്ചു.
1985-ല്‍ പുറത്തിറങ്ങിയ 'ഗിരഫ്താര്‍' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും കമല്‍ഹാസനും രജനികാന്തും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തില്‍ രണ്ടുപേരും ഭാഗമായിരുന്നെങ്കിലും ഒരുമിച്ച് സ്‌ക്രീന്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍, 'കല്‍ക്കി'യുടെ വരാനിരിക്കുന്ന രണ്ടാം ഭാഗത്തില്‍ അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവും കമല്‍ഹാസന്റെ സുപ്രീം യാസ്‌കിനും തമ്മിലുള്ള രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.