

ദശകങ്ങളായി മുടങ്ങാത്ത സ്‌നേഹം! മുംബൈ നഗരത്തിലെ ഞായറാഴ്ചകളിലെ ഏറ്റവും വലിയ കാഴ്ച! ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍ തന്റെ വീടിനു മുന്നിലെത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ആ നിമിഷം ഇത്തവണ ഉണ്ടായില്ല. ഫെബ്രുവരി 22 ഞായറാഴ്ച ജല്‍സയുടെ കവാടത്തിനു മുന്നില്‍ കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു.
തന്റെ ബ്ലോഗിലൂടെ ശനിയാഴ്ച തന്നെ ബച്ചന്‍ ഈ വിവരം ആരാധകരെ അറിയിച്ചിരുന്നു. തിരക്കുകള്‍ക്കിടയില്‍ അല്പം വിശ്രമം ആവശ്യമായതിനാലാണ് ഇത്തവണത്തെ കൂടിക്കാഴ്ച ഒഴിവാക്കുന്നതെന്ന് ഇതിഹാസതാരം പറഞ്ഞു. 'ജോലികള്‍ ഊര്‍ജസ്വലമായി തുടരുന്നു... എനിക്കിന്ന് വിശ്രമത്തിന്റെ ദിനമാണ്. നിര്‍ഭാഗ്യവശാല്‍ ജല്‍സയുടെ ഗേറ്റില്‍ ഇന്ന് ആരും വരരുത്. നമുക്ക് ഉടനെ കാണാം...' -ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
മുംബൈയിലെ 'ജല്‍സ' എന്ന വീടിന് മുന്നില്‍ ഞായറാഴ്ചകളില്‍ തടിച്ചുകൂടുന്ന ആരാധകക്കൂട്ടത്തെ കാണാന്‍ ബച്ചന്‍ എത്തുന്നത് ബോളിവുഡിലെ ഐക്കണിക് കാഴ്ചയാണ്. മഴയായാലും വെയിലായാലും തന്റെ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങാന്‍ അദ്ദേഹം എത്താറുണ്ട്. ആ പതിവിനാണ് ഇപ്പോള്‍ ഒരു ചെറിയ ഇടവേള വന്നിരിക്കുന്നത്.
രജനികാന്തിനൊപ്പം അഭിനയിച്ച 'വേട്ടയ്യന്‍' ആണ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിലവില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി' യുടെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം. കൂടാതെ 'സെക്ഷന്‍ 84' എന്ന കോര്‍ട്ട്റൂം ഡ്രാമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താത്കാലിക വിട്ടുനില്‍ക്കല്‍ ആരാധകരെ സങ്കടപ്പെടുത്തിയെങ്കിലും, അടുത്ത ഞായറാഴ്ച ഇരട്ടി ആവേശത്തോടെ തങ്ങളുടെ പ്രിയതാരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.