

ആക്ഷൻ രംഗങ്ങളും ദുരൂഹതകളും നിറഞ്ഞ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ പുതിയ ചിത്രം 'ആൽഫ'യുടെ ടീസർ സിനിമാലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കഠിനമായ ദൗത്യങ്ങളും ചോര ചിന്തുന്ന പോരാട്ടങ്ങളും നിറഞ്ഞ സ്പൈ ത്രില്ലറിന്റെ പശ്ചാത്തലത്തിലും, ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നത് ടീസറിന്റെ തുടക്കത്തിലുള്ള ആലിയ ഭട്ടിന്റെ മനോഹരമായ ലുക്കാണ്.
ബോളിവുഡ് സുന്ദരിമാരുടെ വസ്ത്രധാരണം എപ്പോഴും ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബ്രാൻഡുകളുടേതാകാറുള്ള പതിവ് കാഴ്ചയിൽ നിന്ന് തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു സർപ്രൈസ് കൂടിയാണ് ആൽഫയിലൂടെ ആലിയ തന്റെ ആരാധകർക്കായി കരുതിവെച്ചിരിക്കുന്നത്.
ടീസറിന്റെ തുടക്കത്തിൽ ഒരു റെസ്റ്റോറന്റിൽ വെച്ച് ബോബി ഡിയോളും ആലിയ ഭട്ടും നേർക്കുനേർ എത്തുന്ന അതീവ നിർണായകമായ ഒരു രംഗമുണ്ട്. ചാരപ്രവർത്തിയുടെ അപകടം പിടിച്ച ലോകത്തേക്ക് പ്രേക്ഷകർ എത്തുന്നതിന് മുമ്പ്, ആലിയയുടെ കഥാപാത്രത്തിന്റെ നിഷ്കളങ്കതയും പ്രസരിപ്പും കാണിക്കുന്നതാണ് ഈ രംഗം. ഇവിടെ താരം ധരിച്ചിരിക്കുന്നത് അതിമനോഹരമായ, ബേബി ബ്ലൂ മിനി ഡ്രസ് ആണ്.
ഫാഷൻ നിരീക്ഷകരുടെ കണ്ടെത്തൽ പ്രകാരം പ്രമുഖ രാജ്യാന്തര ബ്രാൻഡായ എച്ച്ആ ന്റ് എമ്മിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് വസ്ത്രം. ഇതിന്റെ വിപണി വില വെറും 1,999 രൂപ മാത്രമാണ്! 'ടിയേർഡ്-സ്കർട്ട് ഷിഫോൺ ഡ്രസ്' എന്നറിയപ്പെടുന്ന വസ്ത്രം, ബോളിവുഡിലെ മികച്ച ഫാഷൻ നിമിഷങ്ങൾ സൃഷ്ടിക്കാൻ എപ്പോഴും ആഡംബര ലേബലുകളുടെ വിലകൂടിയ ടാഗുകൾ ആവശ്യമില്ലെന്ന് തെളിയിക്കുന്നു.
കനംകുറഞ്ഞ ഷോൾഡർ സ്രാപ്പുകളും, റഫിൾസ് ബോർഡറുകൾ നൽകിയ വി-നെക്ക് ഡിസൈനും, ലെയറുകളായി താഴേക്ക് ഒഴുകിക്കിടക്കുന്ന സ്കർട്ടും ഈ വസ്ത്രത്തെ വേനൽക്കാലത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാക്കി മാറ്റുന്നു.
വസ്ത്രത്തിന്റെ ലാളിത്യത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന രീതിയിലുള്ള മേക്കപ്പും സ്റ്റൈലിങ്ങുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആലിയയ്ക്കായി ഒരുക്കിയത്. കനത്ത ആഭരണങ്ങൾ പൂർണമായും ഒഴിവാക്കി, സ്വാഭാവികമായി തിളങ്ങുന്ന ചർമവും, നേരിയ രീതിയിൽ നൽകിയ ബ്ലഷും ഗ്ലോസി പിങ്ക് ലിപ് കളറും ചേർന്നപ്പോൾ ആലിയയുടെ ലുക്ക് അതീവസുന്ദരമായി. അഴിച്ചിട്ട മുടിയിഴകൾ കൂടുതൽ ഭംഗിയേകി.
വൻ ബജറ്റ് ചിത്രങ്ങളിലെ നായികമാർ എപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന മുൻവിധികൾക്കാണ് ആലിയ ഇവിടെ വിരാമമിട്ടിരിക്കുന്നത്.