

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഹൈവാന്‍' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നു. സെപ്റ്റംബര്‍ 11ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. 'മേ ഖിലാഡി തു അനാരി', 'തു ചോര്‍ മേ സിപാഹി' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരു താരങ്ങളും ഒന്നിക്കുന്നു എന്നത് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
ചിത്രത്തില്‍ കാഴ്ചപരിമിതിയുള്ള ഒരു പ്രധാന കഥാപാത്രത്തെയും അയാള്‍ നേരിടുന്ന അപ്രതീക്ഷിത പ്രതിസന്ധികളെയും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. പ്രിയദര്‍ശന്റെ വിഷ്വല്‍ ശൈലിയും ത്രില്ലര്‍ ചേരുവകളും നിറഞ്ഞതാണ് ഇതിന്റെ പ്രമേയം.
അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പം കാജോള്‍, ശ്രീയ പില്‍ഗാവ്കര്‍, ബോമന്‍ ഇറാനി തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രശസ്ത നിര്‍മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. മലയാളത്തിലും പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി സെയ്ഫ് അലിഖാനാണ് വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദി പതിപ്പില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നു. മലയാളിയായ റോണി റാഫേല്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതമൊരുക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമാണം.