

പ്രശസ്ത തിരക്കഥാകൃത്ത് വി. വിജയേന്ദ്ര പ്രസാദ് മറ്റൊരു വമ്പൻ പ്രോജക്ടിന്റെ ഭാഗമാകുന്നു. ‘ബാഹുബലി’, ‘ആർആർആർ’, ‘ബജ്‌റംഗി ഭായ്ജാൻ’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള വിജയേന്ദ്ര പ്രസാദ്, ധനുഷ് നായകനാകുന്ന വമ്പൻ മിത്തോളജിക്കൽ ജംഗിൾ സാഗയുടെ എഴുത്തുകാരനായി എത്തുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത.
ഇതിഹാസ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം നിർമിക്കുന്നത്. പി.എസ്. മിത്രനാണ് സംവിധാനം. ഏതാനും മാസങ്ങളായി ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ ഭാഗമാണെന്ന വിവരം ഇപ്പോഴാണ് മിത്രൻ സ്ഥിരീകരിച്ചിരിച്ചത്.
ഏറ്റവും പുതിയ അഭിമുഖങ്ങളിലൊന്നിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വലിയൊരു മിത്തോളജിക്കൽ അഡ്വഞ്ചർ ചിത്രമാണിതെന്ന് മിത്രൻ വെളിപ്പെടുത്തി. ധനുഷ് നായകനാകുകയും ബൻസാലി നിർമിക്കുകയും ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം തന്നെ വാനോളമാണ്.
ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമയും കൈകോർക്കുന്ന, സമീപകാലത്തെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്നായി ചിത്രം മാറുമെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള വിലയിരുത്തൽ. വിജയേന്ദ്ര പ്രസാദ് കൂടി ടീമിലെത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.
വിജയേന്ദ്ര പ്രസാദ് കഥയൊരുക്കിയ ‘വാരണാസി’ അദ്ദേഹത്തിന്റെ മകൻ എസ്.എസ്. രാജമൗലിയാണ് സംവിധാനം ചെയ്യുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. വിവിധ ഭാഷകളിലും പ്രദേശങ്ങളിലുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുന്ന, വമ്പൻ കാൻവാസിലുള്ള കഥകൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ റെക്കോഡാണ് കൊടൂരി വിശ്വ വിജയേന്ദ്രപ്രസാദ് എന്ന വി. വിജയേന്ദ്ര പ്രസാദിനുള്ളത്.
പി.എസ്. മിത്രനും ഈ ചിത്രം ഏറെ പ്രധാനപ്പെട്ടതാണ്. ഹിന്ദി സിനിമയിൽ മിത്രൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.‘ഇരുമ്പുതിരൈ’, ‘സർദാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ തന്റേതായ ഇടം നേടിയിട്ടുള്ള മിത്രന്, കൂടുതൽ വലിയ കാൻവാസിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഈ പ്രോജക്ട് നൽകുന്നത്.
വിജയേന്ദ്ര പ്രസാദ് കഥയൊരുക്കുകയും ധനുഷ് നായകനാവുകയും സഞ്ജയ് ലീല ബൻസാലി നിർമിക്കുകയും ചെയ്യുന്നതോടെ ഒരു ബ്ലോക്ക്ബസ്റ്ററിനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ എപ്പിക് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.