

ബി ടൗണിലെ പ്രിയതാരം ആമിര്‍ ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ വിശേഷങ്ങളുമായല്ല, മറിച്ച് തന്റെ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനവുമായാണു താരം ആരാധകര്‍ക്കു മുന്നിലെത്തുന്നത്.
ഏറെ നാളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുകേട്ടിരുന്ന ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനാകുന്നു! ബംഗളൂരു സ്വദേശിനിയും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിലെ ജീവനക്കാരിയുമായ ഗൗരി സ്പ്രാറ്റ് ആണ് വധു.
ജൂലായ് അഞ്ചിന് മുംബൈയിലുള്ള താരത്തിന്റെ വസതിയില്‍, തികച്ചും ലളിതമായ ചടങ്ങുകളോടെ വിവാഹ രജിസ്‌ട്രേഷന്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അറുപതാം ജന്മദിനത്തിലായിരുന്നു സിനിമാ ലോകത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് ഗൗരിയുമായുള്ള പ്രണയം ആമിര്‍ പരസ്യമാക്കിയത്.
കഴിഞ്ഞ 25 വര്‍ഷമായി പരസ്പരം അറിയാവുന്ന ഇരുവരും ഒന്നര വര്‍ഷമായി ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് താരം തന്നെ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
47കാരിയായ ഗൗരിക്ക് ആറു വയസുള്ള മകനുണ്ട്. തങ്ങളുടെ ബന്ധത്തിന് ഇരു കുടുംബങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും, എല്ലാവരുടെയും സമ്മതത്തോടെയാണ് ഔദ്യോഗികമായി ഒന്നാകാന്‍ തീരുമാനിച്ചതെന്നും ആമിര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായാണു വിവാഹം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും, ബോളിവുഡിലെ ആമിറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിത്തിരയില്‍ വിജയങ്ങള്‍ കൊയ്തപ്പോഴും ആമിറിന്റെ വ്യക്തിജീവിതം പലപ്പോഴും ചര്‍ച്ചയായിരുന്നു. റീന ദത്തയെയായിരുന്നു ആമിര്‍ ആദ്യമായി വിവാഹം കഴിച്ചത്. 1986-ലായിരുന്നു വിവാഹം. 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2002-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ജുനൈദ്, ഇറ എന്നിവരാണ് മക്കള്‍. പിന്നീട് താരം കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. ലഗാന്‍ സിനിമയുടെ സെറ്റില്‍വെച്ചുള്ള പരിചയം 2005-ല്‍ വിവാഹത്തിലെത്തുകയായിരുന്നു. 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും സൗഹൃദം തുടരുന്നു. ആസാദ് ആണ് മകന്‍.