

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ തന്റെ 61ാം ജന്മദിനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കി. മുംബൈയിലെ വസതിയില്‍ ശനിയാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ കാമുകി ഗൗരി സ്പ്രാറ്റ്, ആദ്യ ഭാര്യ റീന ദത്ത, മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, രണ്ടാം ഭാര്യ കിരണ്‍ റാവു, മകന്‍ ആസാദ് റാവു തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ, ചലച്ചിത്ര-കായികരംഗത്തെ പ്രമുഖരും താരത്തിന് ആശംസകള്‍ നേരാനെത്തി.
മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍, ഭാര്യ സഫ ബെയ്ഗ് എന്നിവരുടെ സാമീപ്യം ചടങ്ങിനു മാറ്റുകൂട്ടി. ആഘോഷത്തിന്റെ വീഡിയോ ഇര്‍ഫാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ആമിര്‍ കേക്ക് മുറിക്കുന്നതും മക്കളായ ആസാദിനും ഇറയ്ക്കും പങ്കാളി ഗൗരിക്കും ആദ്യം കേക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം. ഇറ ഖാന്‍ നടത്തുന്ന അഗത്സു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഇര്‍ഫാന്‍ പഠാന്‍ പ്രശംസിക്കുകയും ചെയ്തു
കുടുംബാംഗങ്ങളെ കൂടാതെ ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു. ഗൗരി സ്പ്രാറ്റിനൊപ്പവും റീന ദത്തയ്ക്കും ജുനൈദിനുമൊപ്പവും താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ജുനൈദ് ഖാനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന 'ഏക് ദിന്‍' എന്ന ചിത്രം മേയ് ഒന്നിനു റിലീസിന് തയാറെടുക്കുകയാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇതിനു പുറമെ സണ്ണി ഡിയോള്‍ നായകനാകുന്ന 'ലാഹോര്‍ 1947' ഓഗസ്റ്റ് 13ന് പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലുമാണ് താരം.