

ഹോളിവുഡും ബോളിവുഡും കൈകോര്‍ക്കുന്ന ആഗോള ആക്ഷന്‍ മാമാങ്കം '7 ഡോഗ്‌സ്' ഇന്ത്യന്‍ തിയേറ്ററുകളിലേക്ക്. ബോളിവുഡ് സുല്‍ത്താന്‍ സല്‍മാന്‍ ഖാനും ഹോളിവുഡ് നായിക മോണിക്ക ബെല്ലൂച്ചിയും ആദ്യമായി ഒരുമിക്കുന്ന ഈ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ ഓഗസ്റ്റ് 21-ന് ഇന്ത്യയിലൊട്ടാകെ പ്രദര്‍ശനത്തിനെത്തും.
'ബാഡ് ബോയ്‌സ് ഫോര്‍ ലൈഫ്', 'ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ' തുടങ്ങിയ ഹോളിവുഡ് ഹിറ്റുകള്‍ സമ്മാനിച്ച വിഖ്യാത സംവിധായക ജോഡികളായ ആദില്‍ എല്‍ അര്‍ബിയും ബിലാല്‍ ഫല്ലയുമാണ് ചിത്രം ഒരുക്കുന്നത്. കഴിഞ്ഞ മേയില്‍ മിഡില്‍ ഈസ്റ്റില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കാന്‍ ഒരു പോലീസുകാരനും അധോലോക നേതാവും ഒന്നിക്കുന്ന കഥാപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗിയാങ്കാര്‍ലോ എസ്‌പോസിറ്റോ, മാര്‍ട്ടിന്‍ ലോറന്‍സ്, അഹമ്മദ് എസ്, കരീം അബ്ദുല്‍ അസീസ് തുടങ്ങിയ വന്‍ താരനിരയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വെറുമൊരു ആക്ഷന്‍ ചിത്രം എന്നതിലുപരി ഗിന്നസ് ലോക റെക്കോഡുകളുടെ തിളക്കവുമായാണ് '7 ഡോഗ്‌സ്' എത്തുനത്. ഒരു സിനിമാ സീനില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിനും, സിനിമയിലെ ഏറ്റവും വലിയ സ്റ്റണ്ട് സ്‌ഫോടനം ചിത്രീകരിച്ചതിനുമാണ് ചിത്രം ഗിന്നസ് ബുക്കില്‍ ഇടംനേടിയത്. ബിഗ് സ്‌ക്രീനില്‍ തിയേറ്റര്‍ കുലുക്കുന്ന ആക്ഷന്‍ വിരുന്ന് തന്നെയാകും ചിത്രമെന്ന് ഉറപ്പ്. അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി'യാണ് സല്‍മാന്‍ ഖന്റേതായി അണിയറയില്‍ റിലീസിനൊരുങ്ങുന്ന മറ്റ് പ്രധാന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്ന്.