

ബോക്‌സ് ഓഫീസ് ചരിത്രം കുറിച്ച ബോളിവുഡ് ചിത്രം, 3 ഇഡിയറ്റ്സ് വീണ്ടും തിയേറ്ററുകളില്‍ റീ-റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ തള്ളി നിര്‍മാതാക്കള്‍. സെപ്റ്റംബര്‍ നാലിനു ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്ന രീതിയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാണ കമ്പനിയായ വിധു വിനോദ് ചോപ്ര ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രം വീണ്ടും റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും, ഇത്തരം പ്രചരണങ്ങളില്‍ വഞ്ചിക്കപ്പെടരുതെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിടുന്ന അറിയിപ്പുകള്‍ മാത്രം ആരാധകരും മാധ്യമങ്ങളും വിശ്വസിക്കണമെന്ന് നിര്‍മാണക്കമ്പനി അഭ്യര്‍ഥിച്ചു.
തന്റെ കഥാപാത്രമായ ഫുങ്സുക് വാങ്ഡു വിദ്യാഭ്യാസ പ്രവര്‍ത്തകനായ സോനം വാങ്ചുക്കില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതല്ലെന്ന് ആമിര്‍ ഖാന്‍ അടുത്തിടെ പൊതുപരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
അതേസമയം, വിധു വിനോദ് ചോപ്ര ഫിലിംസിന്റെ തന്നെ മറ്റൊരു ക്ലാസിക് ചിത്രമായ '1942 - എ ലവ് സ്റ്റോറി' റീ റിലീസിന് ഒരുങ്ങുകയാണ്. 1994-ല്‍ പുറത്തിറങ്ങിയ ചിത്രം 8കെ ക്വാളിറ്റിയിലേക്ക് റീസ്റ്റോര്‍ ചെയ്തും ഡോള്‍ബി 5.1 സൗണ്ട് സിസ്റ്റത്തിലേക്ക് സൗണ്ട് മാസ്റ്ററിങ് നടത്തിയുമാണ് തിയേറ്ററുകളില്‍ വീണ്ടുമെത്തുന്നത്.