തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ അനുഭവങ്ങളും മാറ്റങ്ങളും തുറന്നുപറഞ്ഞത് ആരാധകർക്കിടയിൽ വൻ തരംഗമാകുന്നു. പ്രണയവും ഹൃദയം തകർന്ന നിമിഷങ്ങളും ഒടുവിൽ വിവാഹവുമെല്ലാം ഉൾപ്പെട്ട ഈ വർഷത്തെ തന്റെ ജീവിത യാത്രയെക്കുറിച്ച് അതീവ രസകരമായാണ് താരം സംസാരിച്ചത്.
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ സഹോദരൻ പ്രണയ് റെഡ്ഡി വംഗ നിർമിക്കുന്ന 'രോമാഞ്ചകം' എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവെയാണ് വിജയ് മനസു തുറന്നത്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും ആവേശകരമായ നിമിഷങ്ങളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. താൻ മദ്യപാനം പൂർണമായി ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തിയ വിജയ്, പ്രണയത്തിലാവുകയും ഹൃദയം തകരുകയും ഒടുവിൽ വിവാഹം കഴിക്കുകയും ചെയ്ത സംഭവബഹുലമായ ദിനങ്ങളാണ് കടന്നുപോയതെന്ന് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം. തെലുങ്ക്, കൊടവ രീതികളിലായി നടന്ന ആഡംബര വിവാഹത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ഭാര്യ രശ്മികയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആരാധകരുടെ അന്വേഷണത്തിന്, ഇടുപ്പിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രശ്മിക ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും താരം മറുപടി നൽകി.
2018-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഗീത ഗോവിന്ദം', 'ഡിയർ കൊമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെയാണ് വിജയും രശ്മികയും പ്രക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. ഏറെ നാളത്തെ ഗോസിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.