

തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ചിത്രമായ 'രണബാലി' റിലീസിന് ഒരുങ്ങുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രം ദസറ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 16-ന് പ്രദര്‍ശനത്തിനെത്തും. കൈയില്‍ വാളേന്തി അത്യന്തം ഗാംഭീര്യത്തോടെ വിജയ് പ്രത്യക്ഷപ്പെടുന്ന പുതിയ പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തെ സെപ്റ്റംബര്‍ 11-നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും, നായിക രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോവുകയും റിലീസ് തിയതി മാറ്റി നിശ്ചയിക്കുകയുമായിരുന്നു. 1854 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ നടന്ന യഥാര്‍ഥ ചരിത്ര സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് രാഹുല്‍ സങ്ക്രിത്യൻ ഈ ചരിത്ര ചിത്രം സംവിധാനം ചെയ്യുന്നത്.
വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും 'രണബാലി'ക്കുണ്ട്. ഹോളിവുഡ് താരം ആര്‍നോള്‍ഡ് വോസ്ലു ചിത്രത്തില്‍ ശക്തമായ വില്ലന്‍ കഥാപാത്രമായ സര്‍ തിയോഡര്‍ ഹെക്ടറിനെ അവതരിപ്പിക്കുന്നു.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ടി-സീരീസാണ് അവതരിപ്പിക്കുന്നത്. ദസറ ഉത്സവകാലത്ത് ബോക്‌സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് 'രണബാലി' തിയേറ്ററുകളിലേക്ക് എത്തുന്നത്.