രാജമൗലി,'വാരണാസി'യിൽ മഹേഷ് ബാബു ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Telugu

മഹേഷ് ബാബുവിനുള്ള രാജമൗലിയുടെ ജന്മദിനസമ്മാനം; 'വാരണാസി' റിലീസ് ഓ​ഗസ്റ്റിലേക്ക്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം 'വാരണാസി'യുടെ റിലീസ് വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. 2027 ഏപ്രിൽ ഏഴിന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്നാണ് സൂചന. ചിത്രത്തിന്റെ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സിജിഐ) ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് മാറ്റിവയ്ക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദൃശ്യവിസ്മയങ്ങൾക്കും സാങ്കേതിക മികവിനും വലിയ പ്രാധാന്യം നല്കുന്ന സംവിധായകനാണ് രാജമൗലി. റിലീസ് തീയതിക്കായി തിടുക്കപ്പെട്ട് ജോലികൾ പൂർത്തിയാക്കുന്നതിനുപകരം, താൻ ഉദ്ദേശിക്കുന്ന നിലവാരത്തിൽ ദൃശ്യങ്ങൾ ഒരുക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സിജിഐ ജോലികൾക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കും.

വ്യാപാരമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് റിലീസ് തീയതികളാണ് അണിയറപ്രവർത്തകർ പരിഗണിക്കുന്നത്. 2027 ജൂലായ് 29, ഓഗസ്റ്റ് അഞ്ച്, ഓഗസ്റ്റ് 12 എന്നിവയാണ് ആ തീയതികൾ. ഇതിൽ ഓഗസ്റ്റ് മാസത്തിലെ റിലീസിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരമോ രണ്ടാം വാരമോ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ആലോചനയെന്നാണ് വിവരം. എന്നാൽ പുതിയ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ ലുക്ക്

ഓഗസ്റ്റ് ഒമ്പതിനാണ് മഹേഷ് ബാബുവിന്റെ ജന്മദിനം. ഇതിന് തൊട്ടുമുമ്പ് ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ ആരാധകർക്ക് ജന്മദിനത്തിനൊപ്പം സിനിമയുടെ ആഘോഷവും ഒന്നിച്ചുകൊണ്ടാടാം. സാധാരണയായി ഓരോ വർഷവും മഹേഷ് ബാബുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിലെത്തിക്കാറുണ്ട്. 'വാരണാസി' ഓഗസ്റ്റിൽ റിലീസ് ചെയ്യുകയാണെങ്കിൽ ഇത്തവണത്തെ ആഘോഷം ആരാധകർക്ക് കൂടുതൽ സവിശേഷമാകും.

ഉഗാദി, ശ്രീരാമനവമി ആഘോഷങ്ങൾ കണക്കിലെടുത്തായിരുന്നു നേരത്തെ ഏപ്രിൽ ഏഴ് റിലീസ് തീയതിയായി തിരഞ്ഞെടുത്തിരുന്നത്. ഏപ്രിൽ ഏഴിന് ഉഗാദിയും അതിനു പിന്നാലെ ഒരാഴ്ചയ്ക്കുശേഷം രാമനവമിയും വരുന്നതിനാൽ അവധിക്കാലത്തിന്റെ ആനുകൂല്യം ചിത്രത്തിന് ലഭിക്കുമായിരുന്നു. റിലീസ് മാറ്റുന്നതോടെ ഈ അവസരം നഷ്ടമായേക്കും. എന്നാൽ കൂടുതൽ സമയം ലഭിക്കുന്നത് മികച്ച വിഷ്വൽ എഫക്ടുകളും മികവുറ്റ അന്തിമ പതിപ്പും ഒരുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ

എം.എം.കീരവാണി,പ്രിയങ്ക ചോപ്ര,മഹേഷ് ബാബു,എസ്.എസ്.രാജമൗലി,പൃഥ്വിരാജ് എന്നിവർ

മഹേഷ് ബാബുവും രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വാരണാസി'. ആഗോളതലത്തിൽ ശ്രദ്ധ നേടിയ 'ആർആർആർ' എന്ന ചിത്രത്തിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പ്രധാന പ്രോജക്ട് കൂടിയാണിത്. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. പ്രിയങ്ക ചോപ്ര ജോനാസും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുണ്ട്. കീരവാണിയാണ് സം​ഗീതം.