തെലുങ്ക് സൂപ്പര്‍താരം നാനിയെ പ്രധാന കഥാപാത്രമാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ദ് പാരഡൈസ്'. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് ട്രെയിലര്‍ റിലീസ് ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താരം. സെപ്റ്റംബര്‍ 24-ന് ചിത്രം നേരിട്ട് തിയേറ്ററുകളിലെത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകരുടെ വേറിട്ട തീരുമാനം.
ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിക്കുന്നുണ്ടെന്നും ഇതുവരെ പുറത്തുവന്ന ടീസർപോലെയുള്ള ഉള്ളടക്കവും വൈറലായ ഗാനങ്ങളുമാണ് അതിന് കാരണമെന്നും നാനി പറഞ്ഞു ഈ ഹൈപ്പ് ചിത്രത്തിന് മികച്ച ഓപ്പണിങ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതൊന്നുമല്ല ട്രെയിലർ പുറത്തിറക്കാത്തതിന് കാരണമെന്നും പ്രേക്ഷകരെ നിസ്സാരമായി കാണുന്നില്ലെന്നും നാനി കൂട്ടിച്ചേർത്തു.
'ദ് പാരഡൈസ്' റിലീസ് തീയതിയിലേക്ക് അടുക്കുകയാണ്. ഈ ഘട്ടത്തിൽ ഒരു മികച്ച ട്രെയിലർ തയ്യാറാക്കണമെങ്കിൽ സംവിധായകൻ ശ്രീകാന്തും സംഗീത സംവിധായകൻ അനിരുദ്ധും മറ്റ് അണിയറപ്രവർത്തകരും നാല് ദിവസം മുഴുവൻ അതിനായി മാറ്റിവെക്കേണ്ടിവരും. എന്നാൽ ചിത്രത്തിന്റെ റിലീസിന് ഇനി അധികം സമയമില്ല. സിനിമയും ട്രെയിലറും തമ്മിൽ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായപ്പോൾ ഞങ്ങൾ സിനിമയ്ക്കാണ് പ്രാധാന്യം നൽകിയത്. കൃത്യസമയത്ത് ചിത്രം റിലീസ് ചെയ്യുന്നതിനായി നിരവധി ടീമുകൾ ഒരേസമയം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്'-നാനി പറഞ്ഞു.
മികച്ചൊരു ട്രെയിലർ തയ്യാറാക്കാൻ തങ്ങൾക്ക് തീർച്ചയായും ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സമയപരിമിതി കാരണം അത് ഉപേക്ഷിക്കുകയാണെന്നും നാനി വ്യക്തമാക്കി. ചിത്രം ഒരു പാന്‍-ഇന്ത്യന്‍ സിനിമയായിട്ടല്ല, പ്രധാനമായും തെലുങ്ക് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് എത്തുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. വിപ്ലവാത്മകവും വൈകാരികവുമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു അമ്മ-മകന്‍ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
രണ്ടു മണിക്കൂറും 49 മിനിറ്റും ദൈര്‍ഘ്യമുള്ള 'ദ് പാരഡൈസിന്' 'എ' സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ടാം ഗാനത്തില്‍ നടി കീര്‍ത്തി സുരേഷ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രാഘവ് ജൂയല്‍, മോഹന്‍ ബാബു, കായാദു ലോഹര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സെപ്റ്റംബര്‍ 23-ന് ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ ആരംഭിക്കും.