തെലുങ്ക് താരം നാനിയുടെ ഏറ്റവും പുതിയ ആക്ഷന്‍ ചിത്രം 'ദ് പാരഡൈസി'ന്റെ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്റെ റിവ്യൂകളും റേറ്റിങ്ങുകളും താല്‍ക്കാലികമായി റദ്ദാക്കി. ആദ്യദിനം കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷന്‍ നേടിയെങ്കിലും, ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കു പിന്നാലെയാണ് ബുക്ക് മൈ ഷോ പേജില്‍ 'റേറ്റിങ് ആന്റ് റിവ്യൂ ഡിസേബിള്‍ഡ്' എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.
വ്യാജ അക്കൗണ്ടുകള്‍ വഴി ചിത്രത്തിനെതിരെ നടക്കുന്ന സംഘടിത നെഗറ്റീവ് പ്രചാരണങ്ങള്‍ അഥവാ 'റിവ്യൂ ബോംബിങ്' തടയാന്‍ നിര്‍മാതാക്കളുടെ ആവശ്യപ്രകാരം മുമ്പും പല ചിത്രങ്ങള്‍ക്കും ബുക്ക് മൈ ഷോ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബെംഗളൂരു കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
അതേസമയം, ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങളെയും വിമര്‍ശനങ്ങളെയും തികച്ചും പോസിറ്റീവായാണ് നാനി സ്വീകരിച്ചത്. പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്രോളുകളും കണ്ടുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ച പോരായ്മകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ നാനി വ്യക്തമാക്കി. ചിത്രത്തിനായി വലിയ അധ്വാനം നടത്തിയിട്ടുണ്ടെന്നും അത് ആസ്വദിക്കാനും വിലയിരുത്താനുമുള്ള പൂര്‍ണ അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിലൊരുക്കിയ ചിത്രത്തില്‍ മോഹന്‍ ബാബു, രാഘവ് ജുയല്‍, കായാദു ലോഹര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.