'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്ക് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Telugu

'വാരണാസി'യുടെ കാതൽ അച്ഛൻ-മകൻ ബന്ധം;വരുന്നത് വൈകാരികതയുടെ റോളർകോസ്റ്റർ അനുഭവം

പപ്പപ്പ ഡസ്‌ക്‌

എസ്.എസ്. രാജമൗലിയുടെ ‘വാരണാസി’ ടൈം ട്രാവൽ, പുരാണം, ആക്ഷൻ എന്നിവയെ സമന്വയിപ്പിക്കുന്ന വമ്പൻ സാഹസിക ചിത്രമായാണ് ഒരുങ്ങുന്നത്. ആഫ്രിക്കയും അന്റാർട്ടിക്കയും ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രം ആയിരക്കണക്കിന് വർഷങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് പറയുന്നത്. അതുകൊണ്ടുതന്നെ പൂർണമായും ഒരു ഗ്ലോബൽ അഡ്വഞ്ചർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്നാണ് സൂചന. ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന മറ്റൊരു രാജമൗലിഅദ്ഭുതം കൂടിയാണ് വാരണാസി.

എന്നാൽ ചിത്രത്തെക്കുറിച്ച് രാജമൗലി ആവർത്തിച്ച് നടത്തുന്ന പരാമർശങ്ങൾ സൂചിപ്പിക്കുന്നത് കാഴ്ചവിസ്മയങ്ങളേക്കാൾ ചിത്രത്തിൽ വൈകാരികതയ്ക്കായിരിക്കും കൂടുതൽ പ്രാധാന്യമെന്നാണ്. ‘വാരണാസി’യുടെ കാതൽ അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണെന്ന് രാജമൗലി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

'വാരണാസി'യിലെ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്ക്

ചിത്രത്തിന്റെ വമ്പൻ സ്കെയിൽ, പുരാണ പശ്ചാത്തലം, ഫാന്റസി ഘടകങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴും രാജമൗലി ഈ വൈകാരിക ബന്ധത്തിന് പലതവണ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതോടെ അസാധാരണമായൊരു പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രാജമൗലിയുടെ പതിവ് വൈകാരിക റോളർ കോസ്റ്റർ അനുഭവമായിരിക്കും ‘വാരണാസി’യെന്നും ഉറപ്പിക്കാം. കീരവാണിയുടെ സം​ഗീതം കൂടിയാകുമ്പോൾ അതിന്റെ ആസ്വാദ്യത പാരമ്യത്തിലെത്തും.

മഹേഷ് ബാബു രുദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക ചോപ്ര ജോനാസ് മന്ദാകിനിയായെത്തുന്നു. ഇരുവരുടെയും കഥാപാത്രങ്ങൾക്കിടയിലെ ശക്തമായ പ്രണയബന്ധമായിരിക്കും ചിത്രത്തിന്റെ ഒരു പ്രധാനഭാ​ഗം. പ്രണയം നിറയുന്ന ഈ കഥാവഴിയും പ്രധാനപ്പെട്ട വൈകാരിക തലമായി മാറിയേക്കാം.

'വാരണാസി' ടൈറ്റിൽ പോസ്റ്റർ

പ്രകാശ് രാജും ചിത്രത്തിന്റെ ഭാഗമാണ്. താൻ മഹാശിവ ഭക്തനായാണ് ചിത്രത്തിലെത്തുന്നതെന്നും മഹേഷ് ബാബുവിന്റെ പിതാവിന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെയും പ്രകാശ് രാജിന്റെ കഥാപാത്രങ്ങൾക്കിടയിലെ ഈ വൈകാരികത തന്നെയായിരിക്കാം രാജമൗലിയുടെ ഏറ്റവും വലിയ ആയുധം.

ഈ ബന്ധങ്ങളുടെ ചരടുകളിൽ പ്രേക്ഷകരെ വൈകാരികമായി പങ്കാളികളാക്കാൻ രാജമൗലിക്ക് കഴിഞ്ഞാൽ ‘വാരണാസി’ ഒരു ദൃശ്യവിസ്മയത്തിൽ മാത്രം ഒതുങ്ങില്ല. ചിത്രത്തിന്റെ വമ്പൻ സ്കെയിൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചേക്കാം. എന്നാൽ വൈകാരികതയായിരിക്കും അവരെ അവിടെ പിടിച്ചിരുത്തുക.