ഇന്ത്യന്‍ സിനിമയുടെ പെരുമ ആഗോളതലത്തില്‍ ഉയര്‍ത്തിയ മുന്‍നിര സംവിധായകന്‍ എസ്.എസ്. രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകന്‍ ജെയിംസ് കാമറൂണിനെ നേരില്‍ കണ്ടതിന്റെ ഓര്‍മകള്‍ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പാരീസിലെ അതിപ്രശസ്തമായ ഗ്രാന്‍ഡ് റെക്‌സ് തിയേറ്ററില്‍ സദസ്സിനോട് സംസാരിക്കവെയാണ് രാജമൗലി ഹോളിവുഡിന്റെയും അതികായനുമായുള്ള കൂടിക്കാഴ്ച ഓർമിച്ചത്. രാജമൗലിയുടെ 'ഈച്ച', 'ബാഹുബലി', 'ആര്‍ആര്‍ആര്‍' എന്നീ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പിന്റെ പ്രമോഷന്‍ ചടങ്ങായിരുന്നു വേദി.
തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ആര്‍ആര്‍ആര്‍' ജെയിംസ് കാമറൂണ്‍ രണ്ടുതവണ കണ്ടതായി രാജമൗലി വെളിപ്പെടുത്തി. സാധാരണ ആരാധകന്റെ കൗതുകത്തോടെയാണ് താന്‍ അദ്ദേഹത്തെ നോക്കിനിന്നതെന്നും, എന്നാല്‍ 'ആര്‍ആര്‍ആര്‍' മികച്ച ചിത്രമാണെന്ന് അദ്ദേഹം തന്നോട് ആവേശത്തോടെ പറയുകയായിരുന്നുവെന്നും രാജമൗലി പറഞ്ഞു.
ചലച്ചിത്രമേഖലയിലെ നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ചും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നു. എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് രാജമൗലി പറഞ്ഞപ്പോള്‍, മനുഷ്യന്റെ യഥാര്‍ഥ സിനിമാനിര്‍മാണത്തെ മറികടക്കാന്‍ ഒരുകാലത്തും എഐയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂണ്‍ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി ഓർമിച്ചു.
ഫ്രാന്‍സില്‍ രാജമൗലി ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയമായിട്ടുപോലും, പാരീസിലെ തിയേറ്ററുകളില്‍ 'ആര്‍ആര്‍ആര്‍' സ്‌ക്രീനിങ്ങിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഗോളതലത്തില്‍ ചിത്രത്തിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രതികരണം.
മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രമായ 'വാരണാസി'യുടെ അണിയറ തിരക്കുകളിലാണ് രാജമൗലി ഇപ്പോള്‍. ചിത്രത്തില്‍ കുംഭ എന്ന ശക്തനായ വില്ലന്‍ കഥാപാത്രമായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ആണ്. പൃഥ്വിരാജ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജമൗലിയുടെ വിട്ടുവീഴ്ചയില്ലാത്ത ഫിലിം മേക്കിങ് ശൈലിയെക്കുറിച്ച് മുമ്പ് പൃഥ്വിരാജ് പങ്കുവെച്ച വിശേഷങ്ങളും സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.