

ഇന്ത്യന്‍ സിനിമകളുടെ ലോകവിജയം ഹോളിവുഡിലെ സംവിധായകരെയും ആകര്‍ഷിക്കുകയാണ്. ബ്രഹ്‌മാണ്ഡചിത്രങ്ങളുടെ ഉടയോന്‍ എസ്.എസ്. രാജമൗലിയുടെ ചിത്രീകരണം പുരോഗമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ വാരണാസിയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടൈറ്റാനിക് സംവിധായകന്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. തെലുങ്ക് താരം മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന തിരവിസ്മയത്തിന്റെ ചിത്രീകരണം കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് കാമറൂൺ പറഞ്ഞത്. 'നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മാന്ത്രികവിദ്യ സൃഷ്ടിക്കുന്നത് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ? എനിക്കൊരു ക്യാമറ തന്നാൽ സെക്കൻഡ് യൂണിറ്റ് പോലെ കുറച്ച് ഷോട്ടുകൾ എടുത്തുതരാം.'- കാമറൂൺ രാജമൗലിയോട് പറഞ്ഞു.
ഡിസംബര്‍ 19ന് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്ന കാമറൂണിന്റെ അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്- എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ രാജമൗലിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഹോളിവുഡ് സംവിധായകന്‍ തന്റെ ആഗ്രഹമറിയിച്ചത്. മീറ്റിങ് ഓഫ് ദ മൈൻഡ്സ്: ജെയിംസ് കാമറൂൺ ഇൻ കോൺവർസേഷൻ വിത്ത് എസ്.എസ്. രാജമൗലി എന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് നല്കിയ പേര്. വീഡിയോ കോൺഫറൻസിങ് വഴിയുള്ള സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ, തന്റെ സിനിമ കാണാനും പ്രതികരണം അറിയിച്ചതിനും കാമറൂണ്‍ രൗജമൗലിയോട് നന്ദി അറിയിച്ചു. തുടര്‍ന്നാണ്, രാജമൗലിയുടെ വാരണാസിയുടെ സെറ്റില്‍ വരാന്‍ ആഗ്രഹിക്കുന്നുവെന്ന് കാമറൂണ്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
കാമറൂണിന്റെ ചോദ്യം കേട്ട രാജമൗലിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഓ, വളരെ സന്തോഷകരമായിരിക്കും സാര്‍. അങ്ങയ്ക്കു സ്വാഗതം. ഞാന്‍ മാത്രമല്ല, എന്റെ യൂണിറ്റും മാത്രമല്ല, ഇന്ത്യന്‍ സിനിമയും ആവേശഭരിതമാകും. ഷൂട്ടിങ് തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇനിയും എട്ടുമാസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. ചിത്രീകരണം മികച്ചരീതിയില്‍ മുന്നേറുകയാണ്...' തീര്‍ച്ചയായും താന്‍ വരുമെന്ന വാക്കു കൊടുത്തതിനുശേഷമാണ് കാമറൂണ്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയവരാണ് വാരണാസിയിലെ പ്രമുഖ കഥാപാത്രങ്ങള്‍. കഴിഞ്ഞ മാസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആയിരക്കണക്കിന് പേർ പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ ആദ്യത്തെ ലൈവ് കൂട്ടായ്മകളില്‍ ഒന്നായി മാറുകയും ചെയ്തു വാരണാസിയുടെ ടൈറ്റില്‍ പ്രഖ്യാപന ചടങ്ങ്.