നാനിയെ നായകനാക്കിയൊരുക്കിയ 'ദ് പാരഡൈസ്' നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനു പിന്നാലെ സംവിധായകൻ ശ്രീകാന്ത് ഒഡേല പുതിയ തിരക്കഥയുടെ പണിപ്പുരയിലാണെന്ന് റിപ്പോർട്ടുകൾ. ഇത്തവണ പ്രണയകഥയാണ് സംവിധായകൻ പരിഗണിക്കുന്നതെന്നാണ് വിവരം. 2014ലെ തെലങ്കാന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തീവ്രമായ പ്രണയകഥയായിരിക്കും ഇതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള മാസ് എന്റർടെയ്നറുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശ്രീകാന്ത് ഒഡേല. അതിനാൽ അദ്ദേഹം പ്രണയകഥയിലേക്ക് തിരിയുന്നത് അപ്രതീക്ഷിതമായാണ് സിനിമാലോകം കാണുന്നത്. അതോടൊപ്പം തെലങ്കാന പ്രക്ഷോഭത്തിന്റെ പശ്ചാത്തലം കൂടി വരുന്നത് പുതിയ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.
'ദ് പാരഡൈസി'ൽ കെ. ചന്ദ്രശേഖർ റാവുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതും നേരത്തെ വലിയ ചർച്ചയായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും കെസിആർ കഥാപാത്രത്തെയും അത് അവതരിപ്പിച്ച പ്രിയദർശിയെയും പ്രേക്ഷകർ പ്രശംസിച്ചിരുന്നു.
നിലവിൽ പുതിയ ചിത്രം തിരക്കഥാ ഘട്ടത്തിലാണ്. നായകനായി ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും സിനിമാ വൃത്തങ്ങളിൽ ഇതിനകം ഈ പ്രോജക്ട് ശ്രദ്ധ നേടിക്കഴിഞ്ഞു.
മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി നാനി നിർമിക്കുന്ന ചിത്രവും ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രോജക്ടിനെക്കുറിച്ച് പിന്നീട് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
'ദസറ', 'ദ് പാരഡൈസ്' തുടങ്ങിയ ഗൗരവമേറിയ ചിത്രങ്ങൾക്കുശേഷം ഒരു പ്രണയകഥയുമായി എത്താനാണ് സംവിധായകൻ ആഗ്രഹിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ചിരഞ്ജീവി ചിത്രം കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കുമോ എന്നതും കാത്തിരുന്ന് കാണണം.