തെന്നിന്ത്യൻ യുവാക്കളുടെ ഹരമായി മാറിയ സിനിമാതാരം ശ്രീലീല, ഇനി ഡോക്ടർ ശ്രീലീല! മുംബൈയിലെ ഡി.വൈ. പാട്ടീൽ സർവകലാശാലയിൽനിന്നാണ് 24കാരിയായ താരം എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
മെറൂൺ നിറത്തിലുള്ള ഗൗൺ അണിഞ്ഞ്, മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ കോൺവൊക്കേഷൻ ചടങ്ങിൽ ശ്രീലീല പങ്കെടുക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചടങ്ങിൽ തന്റെ പേര് വിളിക്കുന്നത് കാത്തുനിൽക്കുന്നതിന്റെയും ബിരുദം സ്വീകരിച്ച ശേഷം ഓടിവന്ന് കുടുംബാംഗങ്ങളെ കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോ ആവേശത്തോടെയാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തത്.
'സൗന്ദര്യവും ബുദ്ധിയും ഒത്തുചേർന്നവൾ...' എന്നാണ് സോഷ്യൽ മീഡിയ ശ്രീലീലയുടെ നേട്ടത്തെ വിശേഷിപ്പിച്ചത്. 'സിനിമയുടെ തിരക്കുകൾക്കിടയിൽ മെഡിസിൻ പഠനം പൂർത്തിയാക്കുക എന്നത് നിസാരമല്ല. ശ്രീലീലയുടെ കഠിനാധ്വാനത്തെ സമ്മതിക്കണം..' തുടങ്ങിയ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
2001ൽ ഡെട്രോയിറ്റിൽ ജനിച്ച ശ്രീലീല വളർന്നത് ബെംഗളൂരുവിലാണ്. ശ്രീലീലയുടെ അമ്മ സ്വർണലത ബംഗളൂരുവിൽ ഗൈനക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നു. അമ്മയുടെ പാത പിന്തുടർന്ന് ആരോഗ്യരംഗത്തും തിളങ്ങണമെന്നാണ് ശ്രീലീലയുടെ ആഗ്രഹം.
'പുഷ്പ 2'-ലെ ഐറ്റം നമ്പരിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശ്രീലീല ഇന്നു തിരക്കേറിയ നായികമാരിൽ ഒരാളാണ്. 2017-ൽ 'ചിത്രാംഗദ' എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. പവൻ കല്യാണിനൊപ്പമുള്ള 'ഉസ്താദ് ഭഗത് സിങ്', കാർത്തിക് ആര്യനൊപ്പമുള്ള ബോളിവുഡ് സിനിമ എന്നിവയാണ് ശ്രീലീലയുടെ പുതിയ ചിത്രങ്ങൾ.