ബി ടൗണ്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാനും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ദേശീയ പുരസ്‌കാര ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മിക്കുന്നു. ശനിയാഴ്ച നടന്ന പൂജാ ചടങ്ങുകള്‍ക്കു പിന്നാലെ സിനിമയുടെ ആദ്യ ഷെഡ്യൂളിനു തുടക്കമായി.
'സല്‍മാന്‍ ഖാന്‍ - വംശി പൈഡിപ്പള്ളി ചിത്രം.. ആരംഭിക്കുന്നു,' എന്നു സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആവേശം പങ്കുവച്ചു. സല്‍മാന്‍ ഖാനും വംശിയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ക്കേ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 'SVC63' എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്.
മുംബൈയില്‍, പ്രത്യേകം തയാറാക്കിയ സെറ്റിലാണു ചിത്രീകരണം നടക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളില്‍ പ്രധാന രംഗങ്ങളും വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ചിത്രീകരിക്കും. സല്‍മാന്‍ ഖാനൊപ്പം നയന്‍താരയും ആദ്യ ഷെഡ്യൂളില്‍ തന്നെ ജോയിന്‍ ചെയ്തിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ പ്രഗത്ഭനായ വംശി പൈഡിപ്പള്ളി, ഇരുവര്‍ക്കുമായി മികച്ച റോളുകളാണു ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2027-ല്‍ ഒരു ബ്രഹ്മാണ്ഡ തിയറ്റര്‍ റിലീസിനാണു ലക്ഷ്യമിടുന്നത്. സല്‍മാന്‍ ഖാന്റെ മാസ് പ്രകടനവും നയന്‍സ് എന്ന താരസുന്ദരിയുടെ സാന്നിധ്യവും വംശിയുടെ സംവിധാനവും ഒന്നിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.