വര്‍ഷങ്ങളായുള്ള ഗോസിപ്പുകള്‍ക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട്, ടോളിവുഡിലെ ജനപ്രിയ താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു. 'വിറോഷ്'എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജോഡികളുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍ ഉദയ്പുരിലെ ഐടിസി മെമന്റോസില്‍ ആരംഭിച്ചു. ഫെബ്രുവരി 26-നാണ് ആരാധകര്‍ കാത്തിരിക്കുന്ന ആ വിവാഹമഹോത്സവം.
പ്രണയത്തെക്കുറിച്ച് ഇത്രയും കാലം ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ ചില സൂചനകള്‍ ആരാധകര്‍ നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നു. ആ ആറു സുപ്രധാന പ്രണയനിമിഷങ്ങള്‍:
ഒമാനിലെ സൂര്യോദയം
രശ്മികയുടെ 29-ാം ജന്മദിനാഘോഷം ഒമാനിലായിരുന്നു. താരം പങ്കുവച്ച മനോഹരമായ ചിത്രങ്ങളിലെ ലൊക്കേഷനും പശ്ചാത്തലവും വിജയ് പങ്കുവച്ച ചിത്രങ്ങളുമായി സാമ്യമുള്ളതായിരുന്നു. അതോടെ, ഇരുവരും ഒന്നിച്ചാണ് ജന്മദിനം ആഘോഷിച്ചതെന്ന് ആരാധകര്‍ ഉറപ്പിച്ചു.
ഒരേ പിങ്ക് തൊപ്പി
2023ല്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള വീഡിയോ വിജയ് പങ്കുവച്ചിരുന്നു. അതില്‍ താരം ധരിച്ചിരുന്ന പിങ്ക് നിറത്തിലുള്ള തൊപ്പി പിന്നീട് രശ്മികയുടെ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഈ 'സാമ്യം' ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.
മഞ്ഞ സാരിക്ക് പിന്നിലെ രഹസ്യം
കഴിഞ്ഞ വര്‍ഷം മനോഹരമായ മഞ്ഞ സാരി ധരിച്ച ചിത്രങ്ങള്‍ രശ്മിക പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഒരാള്‍ സമ്മാനിച്ചതാണെന്ന് താരം കുറിച്ചെങ്കിലും ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയില്ല. എന്നാല്‍ ആ ചിത്രങ്ങള്‍ എടുത്ത പശ്ചാത്തലം വിജയ് ദേവരകൊണ്ടയുടെ വീടിനു സമാനമാണെന്ന് ആരാധകര്‍ കണ്ടെത്തി.
'ക്യൂട്ട്' എന്ന് രശ്മിക
തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളോട് രശ്മിക ഒരിക്കല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ഇതൊക്കെ കേള്‍ക്കുമ്പോള്‍ വളരെ മനോഹരമായി തോന്നുന്നു. ഞങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്, അടുത്ത സുഹൃത്തുക്കളാണ്...' പ്രണയം നിഷേധിച്ചില്ലെങ്കിലും താരം അന്ന് ഒഴിഞ്ഞുമാറി.
വിജയ്‌യെ വിവാഹം കഴിക്കും
'ദി ഗേള്‍ഫ്രണ്ട്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നടന്ന രസകരമായ ഗെയിമിലാണ് രശ്മിക മനസുതുറന്നത്. 'ഡേറ്റ്, മാരി, കില്‍' ഗെയിമില്‍ ആരെ വിവാഹം കഴിക്കും എന്ന ചോദ്യത്തിന് മടിയൊന്നും കൂടാതെ 'വിജയ് ദേവരകൊണ്ട' എന്ന് താരം മറുപടി നല്‍കി. തനിക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ കഴിവുള്ള ഒരാളായിരിക്കണം പങ്കാളി എന്നും അന്ന് രശ്മിക പറഞ്ഞിരുന്നു.
റോമിലെ പുതുവര്‍ഷം
കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും വിവാഹം നിശ്ചയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുതുവര്‍ഷ ആഘോഷങ്ങളില്‍, റോമില്‍ നിന്നുള്ള വിജയ്‌യുടെ ചിത്രങ്ങളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ തോളില്‍ തല ചായ്ച്ചിരിക്കുന്നത് കാണാമായിരുന്നു, അത് രശ്മിക തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
'ഗീത ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ കണ്ട ആ കെമിസ്ട്രി ജീവിതത്തിലും ഒന്നിക്കുമ്പോള്‍, ദമ്പതികള്‍ക്കു ഹൃദയം നിറഞ്ഞ ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.