
വിജയ് ദേവരകൊണ്ട നായകനായ ആക്ഷൻ എന്റർടെയ്നർ 'കിംഗ്ഡം' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചു രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണിപ്പോൾ ടോളിവുഡിൽ സംസാരവിഷയം. 'യു ആർ സംതിങ് എൽസ്' എന്നാണ് രശ്മികയുടെ പ്രതികരണം. ജൂലായ് 31ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അടുത്തിടെ രശ്മികയുടെ സിനിമ 'മൈസ'യുടെ പോസ്റ്റർ പങ്കിട്ട് വിജയ് പറഞ്ഞവാക്കുകൾ ഇതേപോലെ ചർച്ചയായിരുന്നു. ഇരുവരുടെയും പ്രണയവുമായി ചേർത്തുവയ്ക്കുകയാണ് ടോളിവുഡ് ഈ പരസ്പരപ്രശംസകളെ.
'കിംഗ്ഡം' കാണാൻ ദിവസങ്ങൾ എണ്ണുകയാണെന്ന് രശ്മിക പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ 'വൗ!! ആരാധകരെ അമ്പരപ്പിക്കുന്ന ട്രെയിലർ... ഞാൻ എപ്പോഴും നിങ്ങളോട് പറയാറുണ്ട്... യു ആർ സതിംഗ് എൽസ്..! ' എന്നാണ് തെന്നിന്ത്യൻതാരം കുറിച്ചത്. 'കിംഗ്ഡ'ത്തിന്‍റെ സംവിധായകനെയും സംഗീതസംവിധായകനെയും പ്രശംസിക്കാനും രശ്മിക മറന്നില്ല. 'നിങ്ങൾ രണ്ടു പേരും പ്രതിഭകളാണ്! നിങ്ങളുടെ കോമ്പോയിൽ പുറത്തിറങ്ങുന്ന സിനിമ കാണാൻ കാത്തിരിക്കുന്നു'- ഇങ്ങനെയായിരുന്നു വാക്കുകൾ. കൂടാതെ, തന്‍റെ എക്സ് ഹാൻഡിൽ 'കിംഗ്ഡം' ട്രെയിലർ പോസ്റ്റ് ചെയ്തു, താരം.
'ജേഴ്സി' സംവിധായകൻ ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന 'കിംഗ്ഡ'ത്തിൽ ശത്രുപ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ചുമതലപ്പെട്ട, ഉയർന്ന അപകടസാധ്യതയുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന രഹസ്യാന്വേഷകന്റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.