രശ്മിക മന്ദാനയുടെ ഇതുവരെ കാണാത്ത സാഹസിക മുഖമാണ് ‘മൈസ’ ടീസറിൽ. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്ത് അൺഫോർമുല ഫിലിംസ് നിർമിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഡ്രാമയുടെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ടീസർ ലോഞ്ചിനിടെ സംസാരിക്കവേ രശ്മിക ‘മൈസാ’യുടെ ചിത്രീകരണസമയത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും നേരിട്ട വെല്ലുവിളികളും തുറന്നു പറഞ്ഞു. 'പ്രതീക്ഷിച്ചതിനേക്കാൾ ഏറെ കഠിനമായിരുന്നു അത്' എന്നായിരുന്നു രശ്മികയുടെ വാക്കുകൾ.
ചിത്രത്തിനായി അതിസാഹസികമായ സ്റ്റണ്ടുകളാണ് രശ്മിക ചെയ്തത്. അപകടകരമായ മലനിരകളിലൂടെയുള്ള ഓട്ടവും 90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിൽ നിന്നുള്ള ചാട്ടവും അപകടം നിറഞ്ഞതായിരുന്നു. വെള്ളത്തിനടിയിലെ സംഘട്ടന രംഗങ്ങളും ചെളിയിലെ ഫൈറ്റ് സീക്വൻസുകളുമെല്ലാം ചിത്രത്തിനായി രശ്മിക നേരിട്ട വെല്ലുവിളികളാണ്.
കേരളത്തിലെ ഷെഡ്യൂളിനിടെയായിരുന്നു ആദ്യത്തെ വലിയ വെല്ലുവിളികളിലൊന്ന്. കല്ലുകളും മരക്കമ്പുകളും നിറഞ്ഞ മലമുകളിലൂടെ ഓടുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. പരിക്കേൽക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും, കരാറൊപ്പിട്ട മറ്റ് സിനിമകളുടെ ചിത്രീകരണം ബാക്കിയുണ്ടായിരുന്നതിനാൽ ഭയം തോന്നിയിരുന്നുവെന്നും താരം പറഞ്ഞു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലായിരുന്നു കൂടുതൽ വെല്ലുവിളി നിറഞ്ഞ രംഗം ചിത്രീകരിച്ചത്. വെള്ളത്തിനടിയിലെ സംഘട്ടന രംഗത്തിനായി 90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിൽ നിന്ന് ചാടേണ്ടിവന്നു. 'എനിക്ക് ഉയരത്തെ ഭയമാണ്. മുകളിൽ നിന്ന് താഴേക്ക് നോക്കുന്നത് തന്നെ പേടിയാണ്. 90 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയി ചാടുക എന്നത് ചിന്തിക്കുമ്പോൾ തന്നെ പേടിയായിരുന്നു. അന്ന് മുഴുവൻ ഞാൻ വിറയ്ക്കുകയായിരുന്നു'- രശ്മിക പറഞ്ഞു.
തുടർന്ന് മഡ് ഫൈറ്റ് രംഗങ്ങളായിരുന്നു. തിരക്കഥയിൽ വായിക്കുമ്പോൾ ആവേശകരമായി തോന്നിയ രംഗം സെറ്റിലെത്തിയപ്പോൾ അത്ര എളുപ്പമായിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. 'എന്റെ ശരീരം മുഴുവൻ ചെളി ഒഴിച്ചു. നടക്കാൻ ശ്രമിച്ചപ്പോൾ ഒരു ചുവടുപോലും വയ്ക്കാൻ കഴിയുന്നില്ലെന്ന് ഞാൻ പറഞ്ഞു'- രശ്മിക ഓർത്തെടുത്തു. കഠിനമായ ചിത്രീകരണം പിന്നീട് ശാരീരിക ആരോഗ്യത്തെയും ബാധിച്ചതായും രശ്മിക പറഞ്ഞു.
'സിനിമയിലെ നൃത്തരംഗത്തിനിടെ എന്റെ ഹിപ് ടെൻഡൺ(ഇടുപ്പെല്ലിലെ മാംസപേശിയെ അസ്ഥിയോടു ബന്ധിപ്പിക്കുന്ന നാരുപോലുള്ള ഭാഗം) പൊട്ടി. സ്കാൻ കണ്ടിട്ട് എന്റെ ഡോക്ടർ പറഞ്ഞു, ‘ഇത് ഒരു ഫുട്ബോൾ കളിക്കാരന്റെ സ്കാൻ പോലെയാണ്. ഒരു നടിയുടെ സ്കാൻ പോലെയല്ല’ എന്ന്'-രശ്മിക പറയുന്നു. 12 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടായിരുന്ന സമയത്തും ഇനി എന്തൊക്കെ വരാനിരിക്കുമെന്നോർത്ത് താൻ ആശങ്കയിലായിരുന്നുവെന്നും താരം തമാശയായി പറഞ്ഞു.