രശ്മിക മന്ദാന വിവാഹവേദിയിൽ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Telugu

രക്ഷിത് ഷെട്ടിയുമായുള്ള ബന്ധം: ശബ്ദസന്ദേശം പ്രചരിക്കുന്നതിനിടെ രശ്മിക നിയമനടപടിക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

എട്ടു വര്‍ഷമായി തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി രശ്മിക മന്ദാന. എട്ടു വര്‍ഷം മുമ്പുള്ള ഒരു സ്വകാര്യ സംഭാഷണം അനുവാദമില്ലാതെ റിക്കാര്‍ഡ് ചെയ്ത് ദുരുദേശത്തോടെ പ്രചരിപ്പിച്ചതിനെതിരെയാണ് താരം രംഗത്തെത്തിയത്. 24 മണിക്കൂറിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നടി മുന്നറിയിപ്പു നല്‍കി.

അമ്മ സുമന്‍ മന്ദാനയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുന്നതിനിടെയാണ് രശ്മികയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. രശ്മികയുടെ മുന്‍കാല ബന്ധത്തെക്കുറിച്ചും 21-ാം വയസില്‍ താരം നേരിട്ട മാനസികപീഡനങ്ങളെക്കുറിച്ചുമാണ് സുമന്‍ മന്ദാനയുടേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ വിശദീകരിക്കുന്നത്. കന്നഡ താരം രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം തകരാനുള്ള യഥാര്‍ഥ കാരണങ്ങളിലേക്കാണ് ഇതിലെ വെളിപ്പെടുത്തലുകള്‍ വിരല്‍ചൂണ്ടുന്നത്.

രശ്മിക മന്ദാന

തന്റെ വാക്കുകളെ അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ രശ്മിക വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ശബ്ദരേഖകള്‍ അടിസ്ഥാനരഹിതമാണെന്നും, ഇതു തന്റെയും കുടുംബത്തിന്റെയും സമാധാനം കെടുത്തുന്ന രീതിയിലേക്കു മാറിയെന്നും താരം തുറന്നുപറയുന്നു:

'എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കുന്നു. ഇതുവരെ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്...' -രശ്മിക കുറിച്ചു.

രശ്മിക മന്ദാന വിവാഹവിരുന്നിൽ

നിലവില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, നിയമനടപടികളിലേക്ക് കടക്കുമെന്നും രശ്മിക തന്റെ കുറിപ്പില്‍ പറയുന്നു. കിംവദന്തികള്‍ക്കും വേട്ടയാടലുകള്‍ക്കും അതിര്‍വരമ്പ് നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും

കുറിപ്പിന്റെ അവസാനം കന്നഡ ഭാഷയിലും താരം വൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. 'നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്നു തീരുമാനിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അധികാരമാണുള്ളത്... നമ്മുടെ തീരുമാനങ്ങള്‍ നമ്മള്‍ തന്നെയാണ് എടുക്കേണ്ടത്...' എന്നാണ് രശ്മിക കുറിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം ഉദയ്പുരിലെ ഐടിസി മെമന്റോസിൽ ഫ്രെബുവരി 26ന് ആയിരുന്നു തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മികയുടെ വിവാഹം.