എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വാരണാസി'യില്‍ അഭിനയിക്കുന്നില്ലെന്നു വ്യക്തമാക്കി നടന്‍ റാണ ദഗ്ഗുബട്ടി. ചിത്രത്തില്‍ റാണ വില്ലന്‍ വേഷത്തില്‍ എത്തുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
'ഞാന്‍ ഈ സിനിമയുടെ ഭാഗമല്ല. വാരണാസിയില്‍ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നിലവില്‍ അങ്ങനെയൊന്നില്ല.' ചിരിച്ചുകൊണ്ട് റാണ പ്രതികരിച്ചു. ബാഹുബലിക്ക് ശേഷം രാജമൗലിയും റാണയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രതീക്ഷയിലായിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത വലിയ നിരാശയാണു നല്‍കിയത്. മഹേഷ് ബാബു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രിയങ്ക ചോപ്ര,പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
രാജമൗലിയുടെ 'ബാഹുബലി' പരമ്പരയില്‍ ഭല്ലാലദേവ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ റാണ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 'വാരണാസി'യിലും റാണ പ്രതിനായകനായി എത്തിയേക്കും എന്ന തരത്തിലുള്ള വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പ്രചരിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഒരുങ്ങുന്ന 'വാരണാസി' 2027 ഏപ്രില്‍ 7-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.