പ്രഭാസും ഇമാൻവിയും ഫോട്ടോ കടപ്പാട്-ഐഎംഡിബി
Telugu

ഇറ്റലിയില്‍നിന്നു തിരിച്ചെത്തിയാല്‍ പ്രഭാസ് 'ഫൗസി'യില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് വീണ്ടും ആക്ഷന്‍ മോഡിലേക്കു മാറുന്നു. മാരുതി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം 'ദ് രാജാ സാബി'നു ശേഷം പ്രഭാസ് തന്റെ അടുത്ത വമ്പന്‍ പ്രോജക്ടായ 'ഫൗസി'യുടെ ചിത്രീകരണത്തിലേക്കു മടങ്ങിയെത്തുകയാണ്. നിലവില്‍ ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന താരം ഈ ആഴ്ച അവസാനം തിരിച്ചെത്തി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുൽഖർ സൽമാന്റെ 'സീതാ രാമം' ഒരുക്കിയ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന 'ഫൗസി' ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയാണ്. ആസാദ് ഹിന്ദ് ഫൗജിലെസൈനികനായിട്ടാണ് പ്രഭാസ് ഇതില്‍ വേഷമിടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അധികം പറയപ്പെടാത്ത ഏടുകള്‍ പുനരാവിഷ്‌കരിക്കുന്ന ചിത്രത്തിനായി ഹൈദരാബാദില്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാകുന്ന സിനിമയില്‍ സോഷ്യൽമീഡിയ സെന്‍സേഷന്‍ ഇമാന്‍വി പ്രഭാസിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ, അനുപം ഖേര്‍ തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.

ഹനു രാഘവപുടി,ഇമാൻവി,പ്രഭാസ് എന്നിവർ

'ഫൗസി' പൂര്‍ത്തിയാക്കിയാലുടന്‍ പ്രഭാസിനെ കാത്തിരിക്കുന്നത് രണ്ട് മെഗാ പ്രോജക്ടുകളാണ്. 'കല്‍ക്കി 2898 എഡി 2' ആണ് ഇതിൽ പ്രധാനപ്പെട്ടത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ പറഞ്ഞു. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ പ്രഭാസ് പോലീസ് ഓഫീസറായി എത്തുന്ന 'സ്പിരിറ്റ്' ആണ് മറ്റൊരു ബ്രഹ്‌മാണ്ഡചിത്രം. 'അനിമൽ' ഒരുക്കിയ സന്ദീപ് റെഡ്ഡി വാം​ഗ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ 2027 മാര്‍ച്ച് 5-ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ഈവര്‍ഷം ദസറ അല്ലെങ്കില്‍ നവംബര്‍ മാസത്തിലായിരിക്കും 'ഫൗസി' തിയറ്ററുകളില്‍ എത്തുക. 'ദ് രാജാ സാബ്' ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും, 'ഫൗസി', 'സ്പിരിറ്റ്' എന്നീ ചിത്രങ്ങളിലൂടെ പ്രഭാസ് ബോക്‌സ് ഓഫീസ് ആധിപത്യം തിരിച്ചുപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.