

'ബാഹുബലി'നായകൻ പ്രഭാസും 'അനിമല്‍' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സന്ദീപ് റെഡ്ഡി വാംഗയും ഒന്നിക്കുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം ഒടുവില്‍ എത്തിയിരിക്കുകയാണ്. ടി-സീരീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്. 2027 മാര്‍ച്ച് 5-ന് 'സ്പിരിറ്റ്' ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി നിര്‍മാതാക്കള്‍ റിലീസ് വാര്‍ത്ത പങ്കുവച്ചത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററിനൊപ്പം 'ഓര്‍മിക്കുക..സ്പിരിറ്റ് 2027 മാര്‍ച്ച് 5-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിമിഷനേരം കൊണ്ടു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി.
2026 പുതുവത്സര ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിരുന്നു. മുറിവേറ്റ മുഖവും നീളന്‍ മുടിയുമായി നില്‍ക്കുന്ന പ്രഭാസിന്റെ തീക്ഷ്ണമായ ഭാവം സിനിമ ആക്ഷന്‍ പാക്ക്ഡ് ഡ്രാമയായിരിക്കുമെന്ന സൂചനയാണ് നല്‍കിയത്. പോസ്റ്ററില്‍ പ്രഭാസിന്റെ കഥാപാത്രത്തിന് തൃപ്തി ദിമ്രി സിഗരറ്റ് കൊളുത്തി നല്‍കുന്ന രംഗം ആരാധകര്‍ക്കിടയില്‍ വന്‍ തരംഗമായിരുന്നു.
റിലീസ് തീയതി വന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകര്‍ പങ്കുവച്ചത്. ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ താരം തിരിച്ചുവരുന്നു എന്ന് ഒരു വിഭാഗം ആഘോഷിക്കുമ്പോള്‍, 2027 വരെ കാത്തിരിക്കേണ്ടി വരുന്നതിലെ നിരാശയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തിനാണ് ഇത്രയും താമസം എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും, സന്ദീപ് റെഡ്ഡി വാംഗയുടെ ചിത്രങ്ങള്‍ക്കായി എത്ര കാത്തിരിക്കാനും തയാറാണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
സന്ദീപ് റെഡ്ഡി വാംഗയുടെ മുന്‍ ചിത്രങ്ങളിലെന്നപോലെ വൈകാരികമായ തീവ്രതയും കരുത്തുറ്റ കഥാപാത്രസൃഷ്ടിയും 'സ്പിരിറ്റിലും' ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രഭാസും സന്ദീപും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നു. തൃപ്തി ദിമ്രി ആണ് നായിക.