'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' പ്രീ റിലീസിൽ ഇവന്റിൽ ജൂനിയർ എൻടിആർ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Telugu

'ഡ്രാ​ഗൺ' ഷൂട്ട് ഉടൻ; റിലീസ് നിശ്ചയിച്ച തീയതിയിൽ തന്നെ: ജൂനിയർ എൻടിആർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ജൂനിയർ എൻടിആർ ആരാധകർക്ക് സന്തോഷവാർത്ത. പരിക്കിൽ നിന്ന് താൻ ഏതാണ്ട് പൂർണമായി സുഖം പ്രാപിച്ചെന്നും ഉടൻ തന്നെ 'ഡ്രാഗൺ' സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും തെലുങ്ക് സൂപ്പര്‍താരം അറിയിച്ചു. 'ഡ്രാഗൺ' നേരത്തെ പ്രഖ്യാപിച്ച അതേ തീയതിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്നും ജൂനിയർ എൻടിആർ വ്യക്തമാക്കി. 2027 ജൂൺ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫഹദ് ഫാസിൽ നായകനായ 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന സിനിമയുടെ പ്രീ റിലീസിൽ ഇവന്റിൽ സംസാരിക്കുമ്പോഴാണ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനം ജൂനിയർ എൻടിആർ നടത്തിയത്.

ജൂലായിൽ, പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ ​​ഡ്രാ​ഗണിന്റെ ചിത്രീകരണത്തിനിടെയാണ് ജൂനിയര്‍ എന്‍ടിആറിന് തോളിനു പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ഡോക്ടർമാർ വിശ്രമം നിർദേശിക്കുകയുമായിരുന്നു. 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' പരിപാടിക്കെത്തിയ ജൂനിയർ എൻടിആർ പരിക്കെല്ലാം സുഖപ്പെട്ട് പൂർണ ആരോ​ഗ്യവാനായാണ് കാണപ്പെട്ടത്.

'​ഡ്രാ​ഗൺ' പോസ്റ്ററിൽ ജൂനിയർ എൻടിആർ

'കെജിഎഫ്', 'സലാര്‍' എന്നീ വന്‍ ഹിറ്റുകള്‍ക്കുശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ 'ലുഗര്‍' എന്ന ശക്തമായ കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. രുക്മിണി വസന്ത്, അനില്‍ കപുര്‍, ബിജു മേനോന്‍, ഗുരു സോമസുന്ദരം, ഖുശ്ബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മൈത്രി മൂവി മേക്കേഴ്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മാണം.

ജൂനിയർ എൻടിആറും പ്രശാന്ത് നീലും

'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' പരിപാടിയിൽ ചിത്രത്തിന്റെ നിർമാതാവും എസ്.എസ്.രാജമൗലിയുടെ മകനുമായ എസ്എസ്. കാർത്തികേയയെക്കുറിച്ച് സംസാരിക്കുന്നതിനിടെ എൻടിആർ വികാരാധീനനായി. ആരാധകർ ഉൾപ്പെടെയുള്ള എല്ലാവർക്കും കാർത്തികേയയെ പരിചയപ്പെടുത്തിക്കൊണ്ട് തന്റെ പ്രിയപ്പെട്ട സഹോദരനെന്നാണ് എൻടിആർ വിശേഷിപ്പിച്ചത്.

'എനിക്ക് ഒരു ഇളയ സഹോദരനുണ്ടാകണമെങ്കിൽ അത് കാർത്തികേയ ആയിരിക്കണം' എന്നായിരുന്നു കാർത്തികേയയുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കിക്കൊണ്ട് എൻടിആർ പറഞ്ഞത്. തന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിലെല്ലാം കാർത്തികേയ തനിക്കൊപ്പം നിന്നതിനെക്കുറിച്ചും എൻടിആർ സംസാരിച്ചു.

'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' പ്രീ റിലീസിൽ ഇവന്റിൽ ജൂനിയർ എൻടിആർ

'ബാഹുബലി', 'ആർആർആർ' എന്നീ ചിത്രങ്ങൾ യാഥാർഥ്യമാക്കുന്നതിലും രാജമൗലിയുടെ സ്വപ്നം വെള്ളിത്തിരയിലെത്തിക്കുന്നതിലും കാർത്തികേയ നൽകിയ പിന്തുണയും എൻടിആർ എടുത്തുപറഞ്ഞു. ചിത്രത്തിന്റെ പുരോഗതിയെക്കുറിച്ച് അറിയാൻ കാർത്തികേയയോടും അണിയറപ്രവർത്തകരോടും എൻടിആർ നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്നും ഫഹദ് ഫാസിലും പരിപാടിയിൽ പറഞ്ഞു.