

'ജയിലര്‍' എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്നു. സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ കോമ്പോയുടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പാന്‍-ഇന്ത്യന്‍ തലത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍-ഡ്രാമ എന്റര്‍ടെയ്നര്‍ ആയിരിക്കും. നിലവിലെ വിവരങ്ങള്‍ പ്രകാരം, ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. നെല്‍സന്റെ സ്ഥിരം ശൈലിയായ ഡാര്‍ക്ക് ഹ്യൂമറും മാസ് ആക്ഷനും ചേര്‍ന്ന സ്‌ക്രിപ്റ്റാണ് ചിത്രത്തിനായി ഒരുങ്ങുന്നത്.
നിലവില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന തന്റെ 31-ാമത്തെ ചിത്രത്തിന്റെ തിരക്കുകളിലാണ് ജൂനിയര്‍ എന്‍ടിആര്‍. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷമായിരിക്കും നെല്‍സണ്‍ ചിത്രത്തില്‍ താരം ജോയിന്‍ ചെയ്യുക. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് വന്‍ പ്രോജക്ട് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതമൊരുക്കുമെന്നും സൂചനകളുണ്ട്. 'ജയിലര്‍' എന്ന വന്‍ വിജയത്തിനുശേഷം നെല്‍സണ്‍ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.